മുംബൈ: മഹാരാഷ്ട്രയിലെ സത്താരയിൽ സെൽഫിയെടുക്കുന്നതിനിടെ 100 അടി താഴ്ചയിലേക്ക് വീണ യുവതിയെ രക്ഷപെടുത്തി. പൂനെ സ്വദേശിയായ നസ്രീൻ (29) ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തുക്കളോടൊപ്പം ദോസ്ഘർ വെള്ളച്ചാട്ടത്തിന് സമീപമുള്ള ബോൺ ഘട്ടിൽ ട്രക്കിങിനെത്തിയതായിരുന്നു യുവതി.
മലമുകളിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്നവർ ബഹളംവച്ചതിനെ തുടർന്ന് ഒടിയെത്തിയ സുരക്ഷാ ജീവനക്കാരും, നാട്ടുകാരും ചേർന്നാണ് രക്ഷപെടുത്തിയത്. അഞ്ചു പുരുഷന്മാർക്കും മൂന്നു സ്ത്രീകൾക്കും ഒപ്പമാണ് യുവതി വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത്.
യുവതിയെ മലയിടുക്കിൽ നിന്ന് രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കയർ ഉപയോഗിച്ചാണ് യുവതിയെ കരയ്ക്കെത്തിച്ചത്. സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.അടുത്തിടെ, ദത്ത് ധാം ക്ഷേത്ര കുന്നിന് സമീപം, സുഹൃത്ത് വീഡിയോ എടുക്കുന്നതിനിടെ കാർ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുതിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കൂടാതെ, മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ ആൻവി കാംദാർ എന്ന ഇൻഫ്ലുവൻസറും മലയിടുക്കിൽ വീണ് മരണപ്പെട്ടിരുന്നു. വീഡിയോ എടുക്കുന്നതിനിടെ 29കാരിയായ ആൻവി കാൽവഴുതി വീഴുകയായിരുന്നു.