മേപ്പാടി : ‘ഒറ്റക്കല്ല ഒപ്പമുണ്ട് എന്ന ആപ്തവാക്യവുമായി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ ഭാഗമായി ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ ‘സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ‘ഒരുക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. വനിതാ ശിശു വികസന വകുപ്പിന്റെ സ്‌കൂള്‍ കൗണ്‍സിലേഴ്‌സും ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലേഴ്‌സും ഉള്‍പ്പെടുന്ന ടീമാണ് സൈക്കോസോഷ്യല്‍ സപ്പോര്‍ട്ടിന് ചുക്കാൻ പിടിക്കുന്നത്.
വയനാട് ജില്ലയിലെ 58 പേരെ കൂടാതെ ജില്ലയ്ക്ക് പുറത്തു നിന്നുള്ള 102 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം സജ്ജമാക്കിയിട്ടുള്ളത്. ആകെ 160 പേര്‍. 24 മണിക്കൂറും ഇവര്‍ ക്യാമ്പിലുണ്ട്. കൃത്യമായി മൊഡ്യൂള്‍ തയ്യാറാക്കി ദുരന്തമുഖത്തെ പ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ചവരാണിവർ. ശിശു കേന്ദ്രീകൃതമായ ആക്ടിവിറ്റി ഓറിയൻ്റഡായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങി എല്ലാവര്‍ക്കും ആവശ്യമായ മാനസിക പിന്തുണ ഇവര്‍ ഉറപ്പാക്കും. അധികമായ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പാക്കുന്നുണ്ട്.
ഇതുകൂടാതെ ക്യാമ്പിലുള്ള കുഞ്ഞുമക്കള്‍ക്കായി അങ്കണവാടി പ്രവര്‍ത്തകര്‍ ‘കുട്ടിയിടവും’ ഒരുക്കിയിട്ടുണ്ട് . താത്കാലികമായി ക്യാമ്പുകളില്‍ ഒരുക്കിയ ശിശു സൗഹൃദ ഇടത്തിലാണ് പാട്ടും കളിചിരിയും ഉയരുന്നത്.