മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്കായി എട്ടാം ദിനവും തിരച്ചിൽ തുടർന്നു. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ നടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എന്‍ഡിആർഎഫും തിരച്ചിലിൻ്റെ ഭാഗമായി. ചാലിയാറിൻ്റെ വിവിധ മേഖലകളിൽ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചായിരുന്നു പരിശോധന.
ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ ഇന്നും കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്കരിച്ചത് 38 മൃതദേഹങ്ങളായിരുന്നു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്നുമുതൽ പരിശോധന തുടങ്ങി.