സിനിമയിൽ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയിൽ വിമർശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. മുമ്പൊക്കെ സിനിമകളിൽ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാൽ ഇപ്പോൾ വനംകൊള്ളക്കാരാണ് നായകന്മാർ. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിൽനിന്ന് ആന്ധ്രാപ്രദേശ് എട്ട് കുങ്കിയാനകളെ വാങ്ങുന്നുണ്ട്. കർണാടക വനംവകുപ്പ് മന്ത്രിയുമായി ചേർന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പവൻ കല്യാൺ വിമർശനമുന്നയിച്ചത്. തെന്നിന്ത്യൻ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയും അത് സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കും എന്നുമാണ് പവൻ കല്യാൺ പ്രധാനമായും സംസാരിച്ചത്
40 വർഷങ്ങൾക്ക് മുമ്പ് നായകൻ എന്നാൽ വനത്തെ സംരക്ഷിക്കുന്നവനാണ്. ഗന്ധദ ഗുഡിയിലെ രാജ് കുമാറിന്റെ കഥാപാത്രം അങ്ങനെയൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ്. എന്നാൽ ഇപ്പോൾ കാട്ടിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന വനംകൊള്ളക്കാരനാണ് നായകൻ. ഇന്നത്തെ സിനിമ എന്താണെന്ന് മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. നമ്മൾ ശരിയായ സന്ദേശമാണോ ജനങ്ങൾക്ക് നൽകുന്നത്.’- അദ്ദേഹം ചോദിച്ചു.