വയനാടിനെ ചേർത്ത് പിടിക്കാൻ ‘തങ്കലാനും.’ കേരളത്തിലെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കി ചിത്രത്തിന്റെ പ്രചാരണത്തിന്റെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തീരുമാനിച്ചുവയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിലാണ് അണിയറപ്രവർത്തകരുടെ ഈ തീരുമാനം.
ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനു മുൻപ് വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അദ്ദേഹം അറിയിച്ചിരുന്നു.
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് – വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ സിനിമയെ കുറിച്ചുള്ള ഓരോ അപ്പ്ഡേറ്റുകളും ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്
തങ്കലാൻ സ്റ്റുഡിയോ ഗ്രീനും, നിലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിസ്റ്ററി ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗോത്ര നേതാവിൻ്റെ വേഷത്തിലാണ് വിക്രം എത്തുന്നത്. മലയാളി താരങ്ങളായി പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പശുപതി, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.