ബംഗളുരു : കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ട് ഗേറ്റിൻ്റെ ചങ്ങല തകർന്നു. ഇതുവഴി 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ഡാമിന്റെ 19-ാമത് ഗേറ്റിൻ്റെ ചങ്ങലയാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണത്. ആകെ 33 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.
70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണ് അപകടം ഉണ്ടാകുന്നത്. ഏകദേശം 60,000 ദശലക്ഷം ഘനയടി (ടിഎംസി അടി) വെള്ളം റിസർവോയറിൽ നിന്ന് തുറന്നുവിട്ടെങ്കിൽ മാത്രമേ 19-ാം ഗേറ്റിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.
കർണാടകയിലെ ഹൊസപേട്ട – കൊപ്പൽ സംഗമസ്ഥാനത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ഡാമാണ് തുംഗഭദ്ര. 1949 ൽ ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും സംയുക്തമായി നിർമ്മാണം ആരംഭിച്ച ഡാമിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുന്നത് 1953ലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ശിലാസ്ഥാപന അണക്കെട്ടും, മുല്ലപ്പെരിയാർ കഴിഞ്ഞാൽ കേരള തമിഴ്നാട് അതിർത്തിയിലെ സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച രാജ്യത്തെ രണ്ടാമത്തെ അണക്കെട്ടുമാണ് കർണാടകയിലെ തുംഗഭദ്ര.