ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഇടുക്കി കലക്ടറേറ്റിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്തു