തിരുവനന്തപുരം : പ്ളസ് വൺ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റില്ലെന്ന് പറഞ്ഞ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അരങ്ങേറിയ സമര കോലാഹലങ്ങൾ കെട്ടടങ്ങിയപ്പോൾ ഒഴിഞ്ഞു കിടക്കുന്നത് അര ലക്ഷത്തിലധികം സീറ്റുകൾ. അൺ എയ്ഡഡ് സ്കൂളുകളിലടക്കം 53,253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സർക്കാർ കണക്ക്. 25,556 സീറ്റുകളാണ് പൊതു വിദ്യാലയങ്ങളിൽ മാത്രം ഒഴിഞ്ഞു കിടക്കുന്നത്. ഇതിൽ സർക്കാർ സ്കൂളുകളിൽ 15,658 സീറ്റുകളും എയ്ഡഡ് മേഖലയിൽ 9898 സീറ്റുകളുമാണ് ഒഴിഞ്ഞു കിടക്കുന്നത്. ബാക്കി ഒഴിഞ്ഞുകിടക്കുന്ന 27,697 സീറ്റുകൾ അൺ എയ്ഡഡ് സ്കൂളുകളിലാണ്. സീറ്റ് ക്ഷാമം രൂക്ഷമായിരുന്ന മലപ്പുറം ജില്ലയിൽ 7642 സീറ്റുളാണ് ഒഴിഞ്ഞു കിടക്കുന്നത്.
പൊതുവിദ്യാലയങ്ങളിൽ ആകെ 3,61,364 വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത്. സർക്കാർ സ്കൂളുകളിൽ 1,76,232 വിദ്യാർത്ഥികളും എയ്ഡഡ് സ്കൂളുകളിൽ 1,85,132 വിദ്യാർത്ഥികളും പ്രവേശനം നേടി. അൺ എയ്ഡഡ് സ്കൂളുകലിൽ 27,270 (പകുതിയോളം) സീറ്റുകളിലേ പ്രവേശനം നടന്നുള്ളു.
സ്പോട്ട് അഡ്മഷൻ്റെ കണക്കുകൾ കൂടി വന്നപ്പോൾ അൺ എയ്ഡഡിൽ അടക്കം പ്ളസ് വണ്ണിൽ ആകെ അഡ്മിഷൻ നേടിയവരുടെ എണ്ണം 3,88,634 ആയി. 4,41,887 സീറ്റുകളാണ് ആകെയുള്ളത്.