കല്പറ്റ : വയനാട്ടിൽ ‘സേഫ് ഏരിയ അൺസേഫ് ഏരിയ’ ഏതൊക്കെ എന്ന് തരംതിരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശം വയനാട്ടിൽ അനേകം ഉണ്ട്. 300 മില്ലിമീറ്റർ മഴയിൽ കൂടുതൽ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനെ സൂക്ഷ്മരീതിയിൽ തരംതിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചൂരൽമലയിൽ ഉരുൾപൊട്ടിയസ്ഥലം മുതൽ താഴേക്ക് വന്ന് പരിശോധിക്കും. എന്താണ് ഉരുൾപൊട്ടലിന് കാരണമെന്നും പ്രഭവകേന്ദ്രമേതെന്നും
പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോൺ മത്തായിയുടെ നേതൃത്വത്തിൽ അഞ്ചംഗം സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ പരിശോധനയ്ക്കെത്തിയത്.
“സുരക്ഷിതമായ പ്രദേശങ്ങൾ ഏതൊക്കെ, ദുർബലപ്രദേശങ്ങൾ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഉരുൾപൊട്ടിയ ഭാഗത്തേക്കാണ് ആദ്യം പോകുന്നത്. അവിടെനിന്ന് താഴോട്ട് വരും. രണ്ടോ മൂന്നോ ദിവസം അവിടെ ഉണ്ടാകും. ആറംഗസംഘം ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് സർക്കാരിന് റിപ്പോർട്ട് നൽകും’- ജോൺ മത്തായി പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പഠനം തീർത്ത് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പരിശോധന കഴിയുന്നമുറയ്ക്ക് പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഡബ്ല്യു.ആർ.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കൽ എൻ.ഐ.ടി. അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
: