[ Photo Courtesy : AFP ]
ലാഹോർ: ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ അർഷാദ് നദീമിന് പാരീസ് ഒളിമ്പിക്‌സിലെ ചരിത്രപരമായ സ്വർണ്ണ മെഡൽ നേട്ടത്തിന് പാക്കിസ്ഥാനിലെ പഞ്ചാബ് സർക്കാർ ചൊവ്വാഴ്ച 10 ദശലക്ഷം രൂപയും ഒരു പുതിയ കാറും സമ്മാനിച്ചു.
നദീമിനെയും കുടുംബത്തെയും കാണാൻ മിയാൻ ചുന്നുവിലെ നദീമിൻ്റെ ഗ്രാമം സന്ദർശിച്ച മുഖ്യമന്ത്രി മറിയം നവാസ് നദീമിന് ക്യാഷ് പ്രൈസും കാറിൻ്റെ താക്കോലും കൈമാറി.
ഓഗസ്റ്റ് എട്ടിന് പാരീസിൽ നദീമിന് സ്വർണ്ണം നേടിക്കൊടുത്ത പുതിയ ഒളിംപിക് റെക്കോർഡ് എഴുതിച്ചേർത്ത ദൂരം 92.97 എന്ന അദ്വിതീയ നമ്പർ പ്ലേറ്റുള്ള പുതിയ കാറിൻ്റെ താക്കോൽ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി കായിക പ്രതിഭക്ക് കൈമാറിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചെക്കും കാറും എല്ലാം റെക്കോർഡ് സമയത്തിനുള്ളിലാണ് തയ്യാറാക്കിയതെന്ന് മറിയം നവാസിനൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. “പ്രത്യേക നമ്പർ പ്ലേറ്റിന് നിർബ്ബന്ധം പിടിച്ചതും അവർ തന്നെ.” അദ്ദേഹം കൂട്ടിച്ചേർത്തു.
ലാഹോറിലേക്ക് മടങ്ങുന്നതിന് മുമ്പ് നദീമിൻ്റെ പരിശീലകൻ സൽമാൻ ഇഖ്ബാൽ ബട്ടിന് 50 ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രി നൽകി.
പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്ററോടെ ഒളിമ്പിക്‌സ് സ്വർണ്ണം നേടുന്ന പാക്കിസ്ഥാനിൽ നിന്നുള്ള ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റാണ് നദീം. ഇതേ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര സീസണിലെ ഏറ്റവും മികച്ച 89.45 മീറ്ററോടെ വെള്ളി നേടിയിരുന്നു.
1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ പുരുഷ ടീം ജേതാക്കളായതിന് ശേഷം 40 വർഷത്തിനിപ്പുറമാണ് പാക്കിസ്ഥാനിലേക്ക് ഒരു ഒളിംപിക് സ്വർണ്ണം നദീമിലൂടെ എത്തുന്നത്.