ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടർന്നു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന നടത്തുകയാണ്. തെരച്ചിലിൽ ലോറിയുടേതെന്നു സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്നു വാഹനത്തിന്റെ ഉടമ മനാഫ്. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണു കരുതുന്നത്.
നാവിക സേനയുടെ ഡൈവിങ് ടീമും തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ 3 പോയന്‍റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക. ഇന്നലത്തെ പരിശോധനയിൽ ലോഹസാന്നിധ്യമുള്ള രണ്ട് പോയിന്‍റുകൾ കൂടി കിട്ടിയിരുന്നു. പുഴയുടെ ഒഴുക്കിൽ മണ്ണും മറ്റും വന്നടിഞ്ഞ വസ്തുക്കളും നീങ്ങിപ്പോയതിന്‍റെ ഫലമായാണു കൂടുതൽ സിഗ്നലുകൾ കിട്ടുന്നുണ്ടെന്ന് നാവികസേന പറയുന്നു
ഇന്നലെ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെയുടെ തിരച്ചില്‍. ജാക്കി കണ്ടെത്തിയ സ്ഥലത്തുനിന്നു 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്തും പരിശോധനയുണ്ട്.
അര്‍ജുനു പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. അതേസമയം തിരച്ചില്‍ നടക്കുന്നിടത്തു മാധ്യമങ്ങളെ പൊലീസ് വിലക്കി. പ്രദേശത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ പൊലീസ് നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു. സുരക്ഷ കണക്കിലെടുത്താണു നിയന്ത്രണം എർപ്പെടുത്തിയിരിക്കുന്നതെന്നാണു വിശദീകരണം.