ന്യൂഡൽഹി : ഇ.ഡി ചുമത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാതിരിക്കാൻ മുൻകൂർ പദ്ധതിയെന്ന നിലയിൽ നടത്തിയ ‘ഇൻഷുറൻസ് അറസ്റ്റാണ്’ സിബിഐയുടേതെന്ന് സുപ്രീം കോടതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഭിഭാഷകൻ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎൽഎ നിയമത്തിലെ കർശന വ്യവസ്ഥകളിൽ പോലും ജാമ്യം ലഭിച്ചതാണെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. എന്നാൽ, ഇടക്കാല ജാമ്യാവശ്യം ഉടൻ പരിഗണിക്കാൻ വിസമ്മതിച്ച കോടതി, സിബിഐക്ക് നോട്ടിസയച്ചു. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിലും ജസ്റ്റിസ് സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നോട്ടിസയച്ചു. 23നു പരിഗണിക്കും.
ഇ.ഡിയുടെ കേസിൽ 2 തവണ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതും വിചാരണക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചതും അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തി. ഇടക്കാല ജാമ്യം പരിഗണിച്ചില്ലെങ്കിലും കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അടുത്തയാഴ്ച ഹർജി പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
സിബിഐ കേസിലെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇ.ഡിയുടെ കേസിൽ അറസ്റ്റിലായിരിക്കെ ജൂൺ 26നായിരുന്നു സിബിഐ അറസ്റ്റ്.