തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്തു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്‌ക്ക് അധികമായി ലഭ്യമാക്കിയത്.
വിപണി ഇടപെടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണു ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്. എന്നാൽ, 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന് ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. 391 കോടി രൂപ സപ്ലൈകോയ്‌ക്ക് അനുവദിച്ചിരുന്നു.