തൃശൂർ : മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ‘കാതൽ’ സിനിമക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിൽ എതിർപ്പുമായി എത്തിയിരിക്കുകയാണ് കെ.സി..ബി.സി. ജിയോ ബേബി സംവിധാനം ചെയ്ത കാതലിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ കാതലിന്‍റെ പ്രമേയം സ്വീകാര്യമാകുമോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് ഫേസ്ബുക്കിലാണ് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍ എതിർപ്പ് അറിയിച്ചിരിക്കുന്നത്. അവാർഡ് പ്രഖ്യാപിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ വിമർശിക്കാനും കെ.സി.ബി.സി. മറന്നിട്ടില്ല..
സ്വവർഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് ‘കാതൽ’ സിനിമയുടെ കഥാ തന്തു. ലൈംഗികതക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിന്‍റെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന ‘പുരോഗമനപരമായ’ ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്… ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല -ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും കെ.സി.ബി.സി പറയുന്നു.