തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടൻ പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കി ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്.
മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവർക്ക് റിപ്പോര്‍ട്ടിന്റെ 233 പേജ് സോഫ്റ്റ് കോപ്പി ഇമെയിലില്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം സാംസ്‌കാരിക വകുപ്പ് എസ്പിഐഒയുടെ ചേമ്പറില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ് വിവരം കൈമാറുക.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നടി രഞ്ജിനിയുടെ ഹര്‍ജി തള്ളിയത്. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.