തിരുവനന്തപുരം: മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന ‘ആപ്പി’ന് കേരള സർവ്വകലാശാല രൂപം നൽകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സ്ലിപ്പ്കെ (SlipK) എന്ന ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവ്വകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു.
നിലവിലെ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ അതീവ ശ്രദ്ധേയമായ സംരംഭമാണ് ഉരുൾപ്പൊട്ടലുകൾ മുൻകൂട്ടി മനസ്സിലാക്കാവുന്ന ഈ ‘ആപ്പ്’ എന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. ലോകമറിയുന്ന ഭൗമശാസ്ത്ര ഗവേഷകനും കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻ കുമാറിന്റേതാണ് ഈ നൂതനാശയം. ട്രാന്സലേഷണൽ ഗവേഷണത്തിനും നവീനാശയങ്ങളുടെ വികസിപ്പിക്കലിനുമായി കേരളം സർവ്വകലാശാലയിൽ സ്ഥാപിച്ച ‘ട്രാന്സലേഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ’ (TRIC-KU) വഴി ആപ്പ് യാഥാർത്ഥ്യമാക്കും.
മുൻകാല ഉരുൾപൊട്ടൽ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉരുൾപൊട്ടലുണ്ടാക്കാവുന്ന മഴയുടെ അളവ് ആദ്യം നിർണ്ണയിക്കുക. ഉദാഹരണത്തിന്, ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്താൽ അത് ഉരുൾപ്പൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ളിടത്ത് മഴവീഴ്ച ആ അളവിന്റെ നാലിലൊന്നിലെത്തുമ്പോൾ ആപ്പ് ഒന്നാം മുന്നറിയിപ്പ് (യെല്ലോ അലർട്ട്) നൽകും. മഴ നിശ്ചിത അളവിന്റെ പകുതിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പും (ഓറഞ്ച് അലർട്ട്) മുക്കാൽ ഭാഗമാകുമ്പോൾ അന്തിമ മുന്നറിയിപ്പും (റെഡ് അലർട്ട്) നൽകും. മുന്നറിയിപ്പുകളെല്ലാം ഉരുൾപൊട്ടലിൽ ചെന്നെത്തണമെന്നില്ലെങ്കിലും ജാഗ്രതയോടെ കാര്യങ്ങളെ കാണാൻ മുന്നറിയിപ്പുകൾ സഹായിക്കും. പൈലറ്റ് പഠനമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് ആപൽസാദ്ധ്യത മുൻകൂട്ടികാണലാണ് അടുത്ത ഘട്ടം ഗവേഷണം – മന്ത്രി വിശദീകരിച്ചു.
നമ്മുടെ സർവ്വകലാശാല കേന്ദ്രത്തിലെ നിർണ്ണായകമായ ഭൗമശാസ്ത്രഗവേഷണഫലത്തെ ലോകത്തെ തുറിച്ചുനോക്കുന്ന സമകാലികഭീഷണികൾക്ക് തടയിടാൻ ഉപയോഗപ്പെടുത്തുകയാണ് സ്ലിപ്പ്കെ ആപ്പ് വഴിയെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഗവേഷണഫലങ്ങളെ സാമൂഹ്യപ്രതിസന്ധികളിൽ പ്രയോജനപ്പെടുത്തുകയെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കാഴ്ചപ്പാടിനെയാണ് ഈ സംരംഭം ചേർത്തുപിടിക്കുന്നതെന്നത് ഏറ്റവും ചാരിതാർഥ്യം നൽകുന്നതാണ്. സംരംഭം യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ തുടർപിന്തുണകളും സർവ്വകലാശാലയ്ക്കും ഗവേഷകനും ഗവേഷണകേന്ദ്രത്തിനും ഉറപ്പുനൽകിയിട്ടുണ്ട് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.