കൊച്ചി : ഭീതിയുടെ അന്തരീക്ഷം സദാ നില നിർത്തുന്ന സിനിമ സെറ്റ് എന്ന മാടമ്പിത്തുരുത്തുകളും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടേണ്ട പ്രതിഫലത്തിന്റെ തൊണ്ണൂറു ശതമാനം വരെ അടിച്ചു മാറ്റുന്ന‘കങ്കാണികളെ ‘യും മലയാള സിനിമയിൽ നിന്ന് തുടച്ചു നീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് മുരളി തുമ്മാരക്കുടി. മലയാള സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിൽ തൻ്റെ അഭിപ്രായം പങ്കുവെയ്ക്കുകയാണ് മുരളി തുമ്മാരക്കുടി.
വിയർപ്പിന് വില നൽകാത്ത, തൊഴിലാളികളെ കണ്ണീരുകുടിപ്പിക്കുന്ന, പണിയെടുക്കുന്നവരുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന, പരാതിപ്പെടുന്നവരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന സിനിമകൾ കാണാതിരിക്കാനുള്ള അറിവും അവസരവും നമുക്കും ഉണ്ടാകണം. നമ്മുടെ സിനിമാ രംഗവും മാറണം. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പേരുകേട്ട നമ്മുടെ നാട്ടിൽ ഇനി മാടമ്പിത്തുരുത്തുകൾ വേണ്ട. ഈ കങ്കാണികൾ വേണ്ടേ വേണ്ട. – മുരളി തുമ്മാരക്കുടി തൻ്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം –
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി വായിച്ചു.
വാർത്തകളിലും ചർച്ചകളിലും നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പലതുണ്ട്. സിനിമയിൽ അവസരങ്ങൾ അന്വേഷിച്ച് എത്തുന്നവരോട് പ്രതിഫലമായി സെക്സ് ആവശ്യപ്പെടുന്നവർ, സിനിമ ഷൂട്ടിങ്ങിന് എത്തുമ്പോൾ രാത്രിയിൽ വാതിലിൽ മുട്ടുന്നവർ, പരാതിപ്പെടുന്നവരെയും വഴങ്ങാത്തവരെയും ഒരു സിനിമയിൽ നിന്ന് മാത്രമല്ല സിനിമാരംഗത്ത് നിന്ന് തന്നെ ഒഴിവാക്കുന്ന സാഹചര്യം, ഔദ്യോഗികമായി പരാതി പറഞ്ഞാൽ സൈബർ ആക്രമണം മാത്രമല്ല ജീവനുപോലും ഭീഷണിയുണ്ടാകുന്ന അവസ്‌ഥ, ഈ പേടിയുടെ അന്തരീക്ഷം നിലനിർത്തുന്ന പതിനഞ്ചംഗ മാഫിയ എന്നിങ്ങനെ.
ഈ വിഷയങ്ങളിൽ ധാരാളം ചർച്ചകൾ നടക്കുന്നതിനാലും ആദ്യ ദിവസം തന്നെ അഭിപ്രായം പറഞ്ഞതിനാലും ഇനി അത് പറയുന്നില്ല. റിപ്പോർട്ടിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചതും മാധ്യമങ്ങൾ അധികം ശ്രദ്ധിക്കാത്തതുമായ വിഷയങ്ങൾ പറയാം.
അത് ‘സിനിമാ സെറ്റ്’ എന്ന തൊഴിലിടത്തിൽ നടക്കുന്ന മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനങ്ങളാണ്. സിനിമയിൽ ‘താര’ങ്ങൾക്ക് താഴെയുള്ളവരുടെ ജീവിതത്തെ പറ്റിയാണ്. എക്സ്ട്രാസ് എന്ന് പറയുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ, ലൈറ്റ് ബോയ്സ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നിങ്ങനെ സിനിമയുടെ യന്ത്രം ചലിപ്പിക്കുന്ന, എന്നാൽ വെള്ളിവെളിച്ചത്തിൽ വരാത്തവരുടെ ജീവിതം.
യാതൊരു തരം കോൺട്രാക്ടുകളും ഇല്ലാതെ തൊഴിൽ എടുപ്പിക്കുന്നത്.
ജൂനിയർ ആർട്ടിസ്റ്റുകളുമായി നേരിട്ട് ഇടപെടാതെ മധ്യവർത്തികളായ ഏജന്റുമാരുമായി ‘പണിക്കൂലി’ പറഞ്ഞുറപ്പിക്കുന്നതും അവരിലൂടെ മാത്രം പ്രതിഫലം നൽകുന്നതും.
ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടേണ്ട പ്രതിഫലത്തിന്റെ തൊണ്ണൂറു ശതമാനം വരെ ഈ ‘കങ്കാണികൾ’ അടിച്ചു മാറ്റുന്നത്.
സിനിമാ സെറ്റിൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും സൗകര്യം ചെയ്തു കൊടുക്കാത്തത്.
അമ്പത് ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെങ്കിൽ നൂറു പേരെ സൈറ്റിലേക്ക് വരുത്തുന്നത്.
വരുന്നവരിൽ തിരഞ്ഞെടുക്കപ്പെടാത്തവരെ പോലും ദിവസം പതിനഞ്ചു മണിക്കൂർ സൈറ്റിൽ നിർത്തുന്നത്.
അവർ ഒരു കസേരയിൽ ഇരുന്നതിന്റെ പേരിൽ പോലും സിനിമയിൽ നിന്നും പുറത്താക്കുന്നത്.
സിനിമയിൽ ഒന്നും ചെയ്യാനില്ലെങ്കിലും വീട്ടിൽ പോകാൻ അനുവദിക്കാതെ നിൽക്കുന്നവർക്ക് ഭക്ഷണം പോലും കൊടുക്കാത്തത്.
സിനിമയിലെ റോളിന് മാത്രമല്ല സൈറ്റിൽ ഭക്ഷണത്തിന് പോലും ‘അഡ്ജസ്റ്റ്മെന്റ്’ ആവശ്യപ്പെടുന്നത്.
ഇതിനെതിരെ സുരക്ഷിതമായി പരാതിപ്പെടാൻ ഒരു സംവിധാനവും ഇല്ലാത്തത്.
പൊതുവിൽ ഭീതിയുടെ ഒരു അന്തരീക്ഷം സിനിമ സെറ്റ് എന്ന തൊഴിലിടത്തിൽ നില നിൽക്കുന്നത്
ഇത് കേരളത്തിൽ 2024 ലും നടക്കുന്നു എന്നത് നമ്മളെയെല്ലാം നാണിപ്പിക്കേണ്ടതാണ്.
ഇതിന് ഇരയാക്കപ്പെടുന്നവർ സ്ത്രീകൾ മാത്രമല്ല.
ഇതിൽ നേരിട്ട് ഇടപെടുന്നത് ഒരുപക്ഷെ ഇത്തരം ഏജന്റുമാരും പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡ്യൂസറും മാത്രമാകും. എന്നാൽ ഇതിന്റെ ഉത്തരവാദികൾ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും അതിനെ നിയന്ത്രിക്കുന്ന സംഘടനകളും ആണ്. ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്?
അടിമത്തം ഒക്കെ നിരോധിക്കുന്നതിന് മുൻപ് അമേരിക്കയിൽ ഇങ്ങനെ സംഭവിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ തോട്ടം, കർഷക തൊഴിലാളികളോട് കങ്കാണികൾ ഇത്തരത്തിൽ പെരുമാറിയിരുന്നുവെന്നും കേട്ടിട്ടുണ്ട്.
എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിൽ, നമ്മുടെ കണ്മുൻപിൽ ഇത് ഇപ്പോഴും നടക്കുന്നു എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
പൊതുവെ തൊഴിലാളികൾക്ക് അഭിമാനവും ആത്മവിശ്വാസവും നൽകുന്ന കേരളത്തിലെ തൊഴിൽ രംഗത്ത് നിന്നും മാറി, പത്തോ പതിനഞ്ചോ ആളുകളുടെ നിയന്ത്രണത്തിൽ, മറ്റുള്ളവരെ അടിമകളായി കാണുന്ന മാടമ്പി സംസ്കാരം നിലനിൽക്കുന്ന ഒരു തുരുത്തായി സിനിമാരംഗം നിലനിൽക്കാൻ ഇനിയും അനുവദിച്ചു കൂടാ.
എന്താണ് ചെയ്യേണ്ടതെന്നും റിപ്പോർട്ടിൽ ഉണ്ട്. കൊണ്ടുവരാവുന്ന നിയമത്തിന്റെ കരട് പോലും ജസ്റ്റീസ് ഹേമ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിട്ടുണ്ട്. ഇനി സർക്കാരിന് ഒഴിവുകഴിവുകൾ പറയാൻ പറ്റില്ല.
പ്രശ്നമുണ്ട്, അതിന് പരിഹാരങ്ങളും ഉണ്ട്. അത് നടപ്പിലാക്കണം. ഇരകളെയും വേട്ടക്കാരെയും, ‘മാടമ്പികളേയും’ ‘അടിമകളെയും’ ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവ് അല്ല വേണ്ടത്. ഒരു തൊഴിലിടത്തിൽ മനുഷ്യാവകാശ ലംഘനം നടന്നാൽ അതിന് കൃത്യവും ശക്തവും പ്രത്യക്ഷവുമായ പ്രത്യാഘാതം ഉണ്ടാകും എന്ന് ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യപ്പെടുത്തലാണ്. അതിന് കുറച്ച് ഉദാഹരണങ്ങൾ കാണിച്ചുകൊടുക്കലാണ്.
ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ഉള്ള അത്ര സൗകര്യങ്ങൾ എങ്കിലും ലേബർ സൈറ്റിലും ഉണ്ടാകണമെന്ന് ഉറപ്പു വരുത്താൻ ഇപ്പോഴത്തെ നിയമങ്ങൾ തന്നെ മതിയാകും എന്നാണ് എനിക്ക് തോന്നുന്നത്. ഇല്ലെങ്കിൽ അത്തരം നിയമങ്ങൾ ഉണ്ടാകണം. ഒരു സിനിമ സെറ്റിൽ വേണ്ട മിനിമം സൗകര്യങ്ങളും സംവിധാനങ്ങളും എന്താണെന്നതിന് മാർഗ്ഗ രേഖകൾ വേണം. അതിന് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരാൾ വേണം. അത് വേണ്ടപോലെ നടപ്പിലാക്കുന്നില്ലെങ്കിൽ അതിന് പ്രത്യാഘാതം വേണം. അത് ഉറപ്പിലാക്കാൻ ഉള്ള ഒരു ഇൻസ്‌പെക്ഷൻ സിസ്റ്റം വേണം. അത് ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെങ്കിൽ പരാതിപ്പെടാൻ ഒരു ഓംബുഡ്‌സ്‌മെൻ പോലുള്ള സംവിധാനം വേണം.
രണ്ടു സിനിമാ സെറ്റിൽ കൃത്യമായ ലേബർ ഇൻസ്‌പെക്ഷൻ നടത്തി അവിടെ ഇത്തരം ‘sweatshop’ നടത്തുന്നവരെ കണ്ടുപിടിച്ചു നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് തക്കതും ശക്തവുമായ നിയമം നിലവിൽ ഇല്ലെങ്കിൽ ആ നിയമം ഉണ്ടാക്കണം. അതിന് മാടമ്പികളുടെ സമ്മതം തേടേണ്ട ആവശ്യമില്ല. അങ്ങനെയല്ല തൊഴിലാളികൾക്ക് അവകാശങ്ങൾ ഉണ്ടായിട്ടുള്ളത്. അത് ദാനമായി കൊടുത്തതല്ല, പിടിച്ചു മേടിച്ചത് തന്നെയാണ്. തൊഴിലിടങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ വേദി ആവുകയാണെങ്കിൽ അവിടെ സർക്കാർ ഒന്നും ചെയ്യുന്നില്ലെങ്കിൽ തൊഴിലാളി സംഘടനകളും സ്ത്രീ സംഘടനകളും യുവജന സംഘടനകളും ഇടപെടണം. താരപ്രഭയിലും വ്യക്തിബന്ധങ്ങളിലും ഒതുക്കപ്പെടാവുന്നതല്ല തൊഴിലിടത്തിലെ അവകാശങ്ങൾ.
ബ്ലഡ് ഡയമണ്ട് എന്ന ചിത്രം, തിളങ്ങുന്ന വജ്രങ്ങളുടെ പിന്നാമ്പുറത്തുള്ള അക്രമങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കഥയാണ്. ആ ചിത്രത്തിന് ശേഷം ആ വ്യവസായത്തിൽ ഒരുപാട് നല്ല മാറ്റങ്ങളുണ്ടായി. ചോര പുരളാത്ത രത്നങ്ങൾ ഏതെന്നറിയാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടായി. അവർ അത് വേണ്ടപോലെ ഉപയോഗിച്ചു. ആ രംഗത്ത് മനുഷ്യാവകാശ പുരോഗതി ഉണ്ടായി.
വെള്ളിത്തിരയിൽ നമ്മൾ കാണുന്ന സിനിമകൾ അനവധി മനുഷ്യാവകാശ ലംഘനങ്ങളിലൂടെയാണ് കടന്നു വരുന്നതെന്ന് ഉപഭോക്താക്കൾ എന്ന നിലയിൽ നാം അറിയണം. ഈ രംഗത്തെ കള്ളനാണയങ്ങളെ അറിയാനുള്ള മാർഗ്ഗം ഉണ്ടാകണം.
വിയർപ്പിന് വില നൽകാത്ത, തൊഴിലാളികളെ കണ്ണീരുകുടിപ്പിക്കുന്ന, പണിയെടുക്കുന്നവരുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന, പരാതിപ്പെടുന്നവരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന സിനിമകൾ കാണാതിരിക്കാനുള്ള അറിവും അവസരവും നമുക്കും ഉണ്ടാകണം. നമ്മുടെ സിനിമാ രംഗവും മാറണം. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പേരുകേട്ട നമ്മുടെ നാട്ടിൽ ഇനി മാടമ്പിത്തുരുത്തുകൾ വേണ്ട. ഈ കങ്കാണികൾ വേണ്ടേ വേണ്ട.
മുരളി തുമ്മാരുകുടി