കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൊതുതാൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി.
റിപ്പോർട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.
കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് നിരീക്ഷിച്ച കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സര്‍ക്കാരിനോട് ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. അതിന് വിരുദ്ധമായി സ്വമേധയാ കേസ് എടുക്കാൻ ആകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന ആവശ്യത്തിൽ മൊഴി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.