കൊൽക്കത്ത: കൊല്‍ക്കത്തയിലെ യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ നാളെ ബഹുജന പ്രക്ഷോഭം. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സിബിഐ ഓഫീസിലെത്തി അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് തേടുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു.
ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷം കോടതി നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണത്തിൽ സിബിഐ കൂടുതൽ വിശദമായ പരിശോധനകൾ നടത്തുകയാണ്. ഫോറൻസിക് റിപ്പോർട്ട് സ്വതന്ത്ര്യമായി പ്രവർത്തിക്കുന്ന വിദഗ്ധരുടെ പരിശോധനക്ക് അയച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ ഇരുപതിലധികം മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ നുണ പരിശോധന ഇന്ന് നടന്നേക്കും. സന്ദീപ് ഘോഷിനെയും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. രാഷ്ട്രീയ സമ്മർദം ശക്തമായിരിക്കെ നുണ പരിശോധന അന്വേഷണത്തിൽ നിർണ്ണായകമാണ്.