കൊച്ചി: ലൈംഗികാരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്. സർക്കാറിന് മുമ്പാകെ രഞ്ജിത്ത് രാജി സമർപ്പിച്ചു. രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലാണ് രാജിക്ക് വഴിവെച്ചത്. ശ്രീലേഖ മിത്രയുടെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിക്കായി സമ്മർദ്ദം ശക്തമായിരുന്നു.
പ്രതിപക്ഷത്തിന് പുറമേ സംസ്ഥാന വനിതാ കമ്മീഷനും ഭരണപക്ഷത്തുള്ള സി.പി.ഐ അടക്കമുള്ള പാർട്ടികളും വിവിധ വനിതാ സംഘടനകളും രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമ രംഗത്തുള്ള സംവിധായകരും നടികളും രാജി ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സിനിമ താരങ്ങൾ കൂടി രാജി ആവശ്യം ഉയർത്തിയതോടെ രാജി വെയ്ക്കാൻ രഞ്ജിത്ത് നിർബന്ധിതനായി.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി സിനിമയിൽ അഭിനയിക്കാതെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.