മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും സേവനമനുഷ്ഠിച്ചു
1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ മാധ്യമപ്രവർത്തനം തുടങ്ങിയ ബി ആർ പി ഭാസ്കർ . കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. ഇതിനിടെ കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരെ വധശ്രമമുണ്ടായി.
മാധ്യമപ്രവർത്തകനായി വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തനങ്ങളിൽ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ സജീവമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ആരംഭിച്ചപ്പോള്‍ ഉപദേശകനായിരുന്നു . സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം 2014 ല്‍ ലഭിച്ചു.
1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ ബി ആർ പി ഭാസ്കർ രചിച്ചിട്ടുണ്ട്. 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തകയായിരുന്ന മകൾ ബിന്ദു ഭാസ്കർ ബാലാജി മൂന്നു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഭാര്യ രമ 2023 ഫെബ്രുവരിയില്‍ അന്തരിച്ചു.