ന്യൂഡല്‍ഹി: പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്.
ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യവസായ സഗരം സ്ഥാപിക്കുന്നത്. 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും, 3,806 കോടി മുതല്‍ മുടക്കില്‍ കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്.
മെഡിക്കല്‍, കെമിക്കല്‍, നോണ്‍ മെറ്റാലിക്, മിനറല്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ആകെ 28,602 കോടി രൂപയാണ് ചെലവ്.
വികസിത് ഭാരത് പദ്ധതി പ്രകാരമാണ് വ്യവസായ സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.