തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ.കരുണിനെ പരിഗണിക്കാൻ സാദ്ധ്യത. ഷാജി എൻ.കരുണിന് അക്കാദമി ചെയർമാൻ പദവി നൽകി പകരം സംവിധായകൻ കമലിനെ കെഎസ്എഫ്‍ഡിസി ചെയർമാൻ സ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം.
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌കെ) മൂന്നു മാസമേ ഉള്ളൂവെന്നതുകൊണ്ട് തന്നെ യോഗ്യനായ ഒരാളെ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടതും അത്യാവശ്യമാണെന്നിരിക്കെ ഒരിക്കൽ കൂടി ഷാജി എന്‍.കരുണിനെ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
സർക്കാർ തലത്തിൽ തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഷാജി എന്‍.കരുൺ പറഞ്ഞു. ”ഐഎഫ്എഫ്കെ ഭംഗിയായി നടക്കണം. അതു മുടങ്ങാൻ പാടില്ല. ഞാനായിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ. അത്തരത്തിൽ ഞാൻ കൂടി തുടങ്ങിവച്ചതാണ് ചലച്ചിത്ര മേള. ചലച്ചിത്ര മേളയുടെ നടത്തിപ്പിന് എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണ്. കഴിഞ്ഞതവണയും മേളയുടെ നടത്തിപ്പിൽ രഞ്ജിത്തിനെ ഞാൻ സഹായിച്ചിരുന്നു’’ – ഷാജി എൻ. കരുൺ വ്യക്തമാക്കി.