മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി (93) അന്തരിച്ചു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.
അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനി മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്’, ‘ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി ട്രയൽ ഓഫ് ഭഗത് സിങ്’, ‘കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ’, ‘ദ ആർഎസ്എസ് ആൻഡ് ദ ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ’, ‘ദ ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങൾ ഇദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്നതാണ്.
ദി ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ഡോൺ, ദ് സ്റ്റേറ്റ്സ്മാൻ, ഫ്രണ്ട്‌ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി, ദൈനിക് ഭാസ്കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ എഴുതിയിരുന്നു. കശ്മീരിൽ ഷെയ്ഖ് അബ്ദുല്ലയെ തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ അദ്ദേഹത്തിനായി കോടതിയിൽ ഹാജരായത് നൂറാനിയാണ്. ജയലളിതയ്ക്കെതിരെയുള്ള കേസിൽ കരുണാനിധിക്കായി ബോംബെ ഹൈക്കോടതിയിൽ ഹാജരായതും എ ജി നൂറാനിയായിരുന്നു.