കൊല്ലം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് തുടങ്ങും. 35,000-ൽ പരം ബ്രാഞ്ചുകളാണ് സി പിഎമ്മിന്നുളളത്. ഇവിടങ്ങളിൽ ഇന്ന് ആരംഭിക്കുന്ന സമ്മേളനങ്ങൾ സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കും. നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങളും നടക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.
പാർട്ടിയുടെയും, സർക്കാരിന്‍റെയും വീഴ്ചകൾ ഇഴ കീറി പരിശോധിക്കുന്നതാണ് സിപിഐഎം സമ്മേളനങ്ങൾ. തിരഞ്ഞെടുപ്പിലെ തോൽവി, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം, ഇ പി ജയരാജനെതിരായ നടപടി തുടങ്ങിയവ എല്ലാം സമ്മേളനങ്ങളിൽ സ്വയം വിമർശനപരമായി പരിശോധിക്കപ്പെടും. അപ്രതീക്ഷിത നീക്കങ്ങൾ നടന്നില്ലെങ്കിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും.
ഇപി ജയരാജിനെ ഇടത് പക്ഷ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് ഏറെ ചർച്ചക്ക് വഴിവെച്ചേക്കും. സിപിഐഎമ്മിൽ പിണറായിയുടെ വിശ്വസ്തനായ ഇപിക്കെതിരെയുള്ള നടപടി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള തെറ്റ് തിരുത്തലായി വ്യാഖ്യാനിക്കാം. പാർട്ടിയിൽ ഒറ്റപ്പെട്ട ഇ പി സമ്മേളന കാലത്ത് സജീവമാകാതെ സ്വയം വിരമിക്കലിനും സാദ്ധ്യതയുണ്ടെന്നറിയുന്നു.