ന്യൂഡൽഹി: ജഡ്ജി നിയമന പട്ടികയിൽ തങ്ങളെ പരിഗണിക്കാൻ കേരള ഹൈക്കോടതി കൊളീജിയത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന രണ്ട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാർ സുപ്രീം കോടതിയെ സമീപിച്ചു. തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സൈദലവി പി.പി., തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും ഫയൽചെയ്ത റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തു
1997-ൽ ജുഡീഷ്യൽ സർവ്വീസിൽ പ്രവേശിച്ച സൈദലവി പി.പിയും കെ.ടി. നിസാർ അഹമ്മദും 27 വർഷത്തെ ജുഡീഷ്യൽ സർവ്വീസുള്ളവരാണ്. എന്നാൽ, ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി കൊളീജിയം തയ്യാറാക്കി ജൂൺ മാസം സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയ ജുഡീഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ഇരുവരുടെയും പേര് ഉൾപ്പെടുത്തിയിരുന്നില്ല. അർഹത ഉണ്ടായിട്ടും തങ്ങളുടെ പേരുകൾ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തതിനെതിരായാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ദീപക് പ്രകാശ് ഫയൽചെയ്ത ഹർജി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ ക്വാട്ടയിൽ നാല് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്ക് നാല് ജുഡീഷ്യൽ ഓഫീസർമാരുടെ പേരുകൾ ഹൈക്കോടതി കൊളീജിയം ജൂൺ ആദ്യം ശുപാർശ ചെയ്തിരുന്നു. കെ.വി. ജയകുമാർ (രജിസ്ട്രാർ, വിജിലൻസ്, കേരള ഹൈക്കോടതി), പി.വി. ബാലകൃഷ്ണൻ (തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി), എസ്. മുരളി കൃഷ്ണ (പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി, കോഴിക്കോട്), ജോബിൻ സെബാസ്റ്റ്യൻ (രജിസ്ട്രാർ, ജില്ലാ ജുഡീഷ്യറി) എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തത്. എന്നാൽ, ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതിയും കേരള സർക്കാരും തമ്മിലുണ്ടാക്കിയ ധാരണയിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ശുപാർശ നടത്തിയതെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും കേന്ദ്ര നിയമ മന്ത്രാലയത്തിനും ലഭിച്ചിരിക്കുന്നത്.
ധാരണ പ്രകാരം ജഡ്ജി പദവിയിൽ ഒഴിവുണ്ടാകുന്ന ദിവസം പുതുതായി ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിക്ക് പത്ത് വർഷത്തെ സർവ്വീസ് പൂർത്തിയായിരിക്കണം. നാല് ഒഴിവുകളിൽ രണ്ടെണ്ണം ഉണ്ടായത് 2022- ന് മുമ്പും രണ്ടെണ്ണം 2024-ലും ആണ്. ഈ ഒഴിവുകളുണ്ടായ സമയത്ത് പുതുതായി ശുപാർശ ചെയ്ത നാലുപേരും പത്ത് വർഷം പൂർത്തിയായിട്ടില്ലെന്നാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂൺ നാലിന് കേന്ദ്ര സർക്കാരിന് ലഭിച്ച പരാതി ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ടവൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഈ പരാതിയിലെ കേന്ദ്രത്തിന്റെ നിലപാടുകൂടി രേഖപ്പെടുത്തി ഹൈക്കോടതി ശുപാർശ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറും. കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയം കൈമാറിയ ഒരു ശുപാർശയും സമാനമായ കാരണങ്ങളാൽ കേന്ദ്രം പിടിച്ചുവെച്ചിരിക്കെയാണ്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നവംബറിൽ വിരമിക്കുന്നതിനാൽ സെപ്റ്റംബർ മാസത്തിലാകും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അവസാന കൊളീജിയം യോഗം. സുപ്രീം കോടതിയിലേക്കുള്ള ഒരു ഒഴിവിനും വിവിധ ഹൈക്കോടതികളിൽനിന്ന് ലഭിച്ച കൊളീജിയം ശുപാർശകൾക്കും അംഗീകാരം നൽകുന്നതിന് സെപ്റ്റംബറിലെ മിക്ക ആഴ്ചകളിലും സുപ്രീം കോടതി കൊളീജിയം യോഗം ചേരും. ഈ യോഗങ്ങളിലൊന്നിൽ കേരള ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശയും പരാതികളും പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.