ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതു സമവാക്യങ്ങൾ എഴുതിച്ചേർക്കുന്ന സമയാണിത്. നാലാം തിയ്യതി വരെ ‘ജനവിധി’ കാത്തിരുന്നവർ ‘കിംഗ് മേക്കർ’മാരുടെ ‘സമ്മതപത്ര’ത്തിനായി ക്യൂ നിൽക്കുന്ന തിരക്കിലാണ്.
നിതീഷ് കുമാർ എന്ന ബീഹാർ മുഖ്യമന്ത്രിയുടെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന എൻ ചന്ദ്രബാബു നായിഡുവിൻ്റെയും മൊഴികൾക്ക് ഇപ്പോൾ പൊന്നിനേക്കാൾ വിലയാണ്. സങ്കീർണ്ണമായി തുടരുന്ന സഖ്യ സമവാക്യങ്ങൾ രൂപീകരിക്കാനും വിലപേശാനും ചർച്ച ചെയ്യാനും മിടു മിടുക്കരായ ഇവരുടെ വാക്കുകൾക്കാണ് ഇപ്പോൾ വില.
ഇന്ത്യാ ബ്ലോക്ക് അംഗങ്ങൾ ഇതിനകം നായിഡുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ പ്രതികരണം അറിവായിട്ടുമില്ല.1996-ൽ യുണൈറ്റഡ് ഫ്രണ്ടിൻ്റെ കൺവീനറായിരുന്നു നായിഡുവിന് ഇന്ത്യാ ബ്ലോക്ക് അന്യരല്ല. എന്നാൽ 2004 വരെ എൻഡിഎയിൽ നിർണായക പങ്കുവഹിച്ചു എന്നതിന്നൽ ആ വഴി മറക്കാനും സാദ്ധ്യമല്ലെന്ന് തെളിയിച്ച ആളുമാണ് – 2014ൽ എൻഡിഎയിൽ തിരിച്ചെത്തി, വിഭജിച്ച ആന്ധ്രാപ്രദേശിൽ വിജയിച്ചു കയറി. എങ്കിലും മറിച്ച് ചിന്തിക്കാനും മടിയില്ലെന്നും കാണിച്ചു കൊടുത്തു – 2018 ൽ എൻഡിഎ വിട്ടു. അധികാരം നഷ്‌ടപ്പെട്ടപ്പോൾ വീണ്ടും എൻഡിഎയിൽ ചേരുകയും ചെയ്തു. എങ്കിലും ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപി സർക്കാർ ജയിലിലടച്ചത് മറക്കാനാവുമോ? ഇതിനിടെ, ബി.ജെ.പി കടുത്ത വിലപേശൽ നടത്തിയതും കരാർ ഉറപ്പിച്ച് , സംസ്ഥാനത്ത് വോട്ട് വിഹിതം കുറവായിരുന്നിട്ടും ആറ് സീറ്റുകൾ കൈക്കിലാക്കിയതും ഓർമ്മയിൽ കാണുമല്ലോ!
പക്ഷെ, കണക്കുകൂട്ടലിൽ മിടുക്കനായ ആൾ ഇപ്പോഴെ സംഖ്യകൾ കൂട്ടിക്കിഴിച്ചു നോക്കി കാണണം – ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് ഏകദേശം 238 സീറ്റുകൾ, രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് 100 സീറ്റുകളും. ഇന്ത്യൻ ബ്ലോക്കിന് സംഖ്യകൾ കൂട്ടിച്ചേർക്കാൻ ഇത്തിരി ബുദ്ധിമുട്ടാവാം. സർക്കാർ അസ്ഥിരമായാൽ എന്തു ചെയ്യും?- ചിന്തിക്കുമല്ലോ, അതുകൊണ്ടല്ലേ ‘കിംഗ മേക്കേഴ്സ്’ ആവുന്നത്.
രണ്ടിടത്തും അതികഠിനമായ വിലപേശൽ നായിഡു നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.
ആന്ധ്രാപ്രദേശിനുള്ള പ്രത്യേക പദവി ഇതിനകം തന്നെ ഒരു പ്രധാന ആവശ്യമാണ്. സംസ്ഥാനത്തിന് സുസ്ഥിരമായ സാമ്പത്തിക നേട്ടത്തിനുള്ള വഴിവെട്ടാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഹൈദരാബാദ് ഐടി സ്വപ്നത്തിൻ്റെ ശില്പിയായിരുന്നു അദ്ദേഹം, പക്ഷേ രാഷ്ട്രീയ ദുരന്തങ്ങളുടെ പരമ്പരയിൽ അത് വെട്ടിക്കുറച്ചു. ആദ്യം, 2004ലും 2009ലും തുടർച്ചയായ നഷ്ടങ്ങൾ, തുടർന്ന് സംസ്ഥാനത്തിൻ്റെ വിഭജനം.
1999 – ൽ നായിഡു മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുകയും ടിഡിപിക്ക് പാർലമെൻ്റിൽ സ്പീക്കർ സ്ഥാനം ഉറപ്പാക്കുകയും ചെയ്തിരുന്നു. അതും ആവശ്യങ്ങളിൽ ഉൾപ്പെടാം. അതിനുമപ്പുറം, ഒന്നുകൂടി കടത്തി വെട്ടി അമിത് ഷായെ മാറ്റി നിർത്തണമെന്ന ആവശ്യമുന്നയിച്ചതായും അഭ്യൂഹമുണ്ട്
കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ പരിണതപ്രജ്ഞനാണ് നിതീഷ് കുമാറും. 2004 – ൽ ബീഹാർ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതുവരെ വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു. അതേസമയം, ഇന്ത്യൻ സഖ്യത്തിൻ്റെ യഥാർത്ഥ ശില്പികളിലൊരാളുമായിരുന്നു. അന്ത്യമ ഘട്ടത്തിൽ മലക്കം മറിഞ്ഞ് എൻഡിഎ ക്ക് ഒപ്പം ചേർന്നു. സംസ്ഥാനത്ത് ബിജെപി ഇദ്ദേഹത്തിൻ്റെ കൂട്ടുകക്ഷിയാണെന്നത് ഓർത്തത് അപ്പോഴായിരിക്കും!
കേന്ദ്രമന്ത്രി സഭയിൽ കാബിനറ്റ് പദവികൾക്കും ബീഹാറിലേക്കുള്ള സാമ്പത്തികത്തിനും വേണ്ടി വ്യക്തമായ കരാർ ബിജെപിക്ക് മുന്നിലേക്ക് വെയ്ക്കാൻ നിതീഷും മടികാണിക്കില്ല. എന്നാൽ, ഒന്നുകൂടി ഉയർത്തി ഇന്ത്യാ സഖ്യത്തിനോട് പ്രധാനമന്ത്രി പദം ചോദിച്ചാലും അത്ഭുതപ്പെടേണ്ട.