നരേന്ദ്രമോദിക്ക് ഇത് മൂന്നാമൂഴം.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അമിത് ഷായും നിതീഷ് കുമാറും ചന്ദ്ര ബാബു നായ്ഡുവും ചേര്ന്ന് ഇന്ന് രാത്രി തന്നെ രാഷ്ട്രപതിയെ കാണും.
ജെ ഡി യുവും ടി ഡി പിയും ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണ കത്ത് നൽകുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ആന്ധ്രയ്ക്ക് വ്യക്തമായ സാമ്പത്തിക പാക്കേജ്, ചുരുങ്ങിയത് മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനം, രണ്ട് സഹമന്ത്രിസ്ഥാനം എന്നിങ്ങനെയാണ് ചന്ദ്രബാബു നായ്ഡുവിന്റെ ആവശ്യം. ലോക്സഭാ സ്പീക്കർ പദവിയും ചന്ദ്രബാബു നായ്ഡുവിന്റെ ലിസ്റ്റിലുണ്ട്.
നീതീഷിന് ബീഹാറിന് പ്രത്യേക പദവി, രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം, രണ്ട് സഹമന്ത്രിസ്ഥാനം എന്നിവ വേണം. ചിരാഗ് പസ്വാന്, ഏകനാഥ് ഷിന്ഡെ തുടങ്ങിയവരും കാബിനറ്റ് മന്ത്രിസ്ഥാനത്തിൽ തന്നെ പിടിമുറുക്കുന്നു.
ഇത്തവണ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതുകൊണ്ട് സഖ്യ കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഭരിക്കേണ്ടിവരും. ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നിവ സ്വന്തം കയ്യിൽ വയ്ക്കാനാണ് ബിജെപിക്ക് താൽപ്പര്യം. ചില മുതിർന്ന മന്ത്രിമാർക്ക് ഒഴികെ രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങൾക്ക് വീണ്ടും അവസരം ലഭിക്കാൻ ഇടയില്ല. രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങൾക്ക് വൈകീട്ട് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
സർക്കാർ രൂപീകരണത്തിൽ ഇന്ത്യാ മുന്നണിയിൽ നിന്ന് ഒരഭിപ്രായവും പുറത്തുവന്നതായി അറിവില്ല. ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതാവെന്നതടക്കം ചർച്ചചെയ്യാൻ ഡൽഹിയിൽ ഉടൻ ചേരും. സർക്കാർ രൂപീകരണമോ തീരുമാനങ്ങളോ ഉണ്ടാകില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം. 99 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ അവകാശവാദം മുന്നണി യോഗത്തിൽ അംഗീകരിക്കപ്പെടാനാണ് സാധ്യത. എന്നാൽ സർക്കാർ രൂപീകരണത്തിന് പ്രാദേശിക കക്ഷികൾ ശ്രമിച്ചാൽ പിന്തുണക്കാനാണ് കോൺഗ്രസിന്റെ നീക്കം