ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹരിയാനയില്‍ ബിജെപിയെ വെട്ടിലാക്കി അനില്‍ വിജ്. പാര്‍ട്ടിയിലെ സീനിയര്‍ താനാണെന്നും അടുത്ത മുഖ്യമന്ത്രിയാക്കണമെന്നുമാണ് അനിൽ വിജിൻ്റെ അവകാശവാദം. താന്കൾഞാൻ നിന്നെ ഞാൻ മുഖ്യമന്ത്രിയാകണം എന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്നും അനില്‍ വിജ് പരസ്യമായി പ്രതികരിച്ചു.
ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് കൂടിയാണ് അനില്‍ വിജ്.
നിലവിലെ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയായി പ്രഖ്യാപിച്ച് ബിജെപി പ്രചാരണം മുന്നോട്ട് കൊണ്ടുപോകവെയാണ് അനില്‍ വിജിന്റെ രംഗപ്രവേശം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന മന്ത്രിസഭാ അഴിച്ചുപണിയില്‍ കാബിനറ്റില്‍ നിന്ന് പുറത്തായ ബിജെപി നേതാവാണ് അനില്‍ വിജ്. ഇനിയും മൗനം പാലിച്ചാല്‍ അവഗണിക്കപ്പെട്ടേക്കുമെന്ന തോന്നലാണ് അദ്ദേഹത്തിന്റെ പരസ്യപ്രതികരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഹരിയാനയിലെ മുതിര്‍ന്ന ബിജെപി നേതാവാണ് അനില്‍ വിജ്. നേരത്തെ മന്ത്രിയുമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ തനിക്ക് മുഖ്യമന്ത്രിയാകണം എന്നാണ് അദ്ദേഹം പറയുന്നത്. ബിജെപിയിലെ സീനിയറായ നേതാവ് താനാണ് എന്നും അദ്ദേഹം യോഗ്യതയായി ചൂണ്ടിക്കാട്ടുന്നു. ”’ഇന്നുവരെ പാര്‍ട്ടിയില്‍ നിന്ന് ഒന്നും ആവശ്യപ്പെടാത്ത വ്യക്തിയാണ് താന്‍. ഇത്തവണ മുഖ്യമന്ത്രി പദം ആവശ്യപ്പെടും. സംസ്ഥാനത്തെ നിരവധി പേര്‍ തന്നെ വന്ന് കണ്ടിരുന്നു. മുതിര്‍ന്ന നേതാവായ താങ്കള്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ടു. അംബാലയിലെ വോട്ടര്‍മാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ആവശ്യവും തന്റെ സീനിയോരിറ്റിയും പരിഗണിച്ച് ഇത്തവണ മുഖ്യമന്ത്രി പദം ആവശ്യപ്പെടും”- അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതൃത്വം തന്നെ മുഖ്യമന്ത്രിയായി നിയോഗിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ പ്രതിഛായ മാറ്റുമെന്നും അനില്‍ വിജ് പറയുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അനില്‍ വിജിനോട് അത്ര താല്‍പ്പര്യമില്ല എന്നാണ് വിവരം. മനോഹര്‍ ലാല്‍ ഖട്ടറിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റുമ്പോള്‍ അടുത്ത സാധ്യതയുള്ള വ്യക്തികളിലൊരാളായിരുന്നു അനില്‍ വിജ്. എന്നാല്‍ അന്ന് ബിജെപി കേന്ദ്ര നേതൃത്വം നയാബ് സിങ് സെയ്‌നിയെ ആണ് മുഖ്യമന്ത്രിയാക്കിയത്.
കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാനയുടെ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. ഈ വേളയില്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുകയും അനില്‍ വിജിനെ കാബിനറ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇത്തവണയും അനില്‍ വിജ് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്. അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പത്രിക സമര്‍പ്പിച്ചു.