മുംബൈ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്‌വാദ്. സംവരണ പ്രസ്താവനയുടെ പേരിലാണ് രാഹുൽ ഗാന്ധിയുടെ നാവ് അരിയണമെന്നും 11 ലക്ഷം രൂപ പാരിതോഷികം നൽകാമെന്നും സഞ്ജയ് പ്രഖ്യാപിച്ചത്. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞുവെന്നും ഇത് കോൺഗ്രസ് അവരുടെ യഥാർത്ഥമുഖം തുറന്നുകാട്ടുകയാണെന്നും ഗെയ്‌ക്‌വാദ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
മറാത്തകൾ, ധംഗർമാർ, ഒബിസികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുന്ന ഘട്ടത്തിൽ സംവരണാനുകൂല്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ സംസാരിക്കുന്നത് രാജ്യത്തെ 400 വർഷം പിന്നോട്ട് നയിക്കാനാന്നെന്നും സഞ്ജയ് ആരോപിച്ചു. സഞ്ജയ് ഗെയ്ക്ക്‌വാദിന്റെ പരാമർശത്തെ തള്ളി മഹാരാഷ്ട്ര ബിജെപിഅധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. ഗെയ്‌ക്‌വാദിൻ്റെ അഭിപ്രായങ്ങളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി.
ഇത് ആദ്യമായല്ല സഞ്ജയ് ഗെയ്‌ക്‌വാദ് വിവാദങ്ങളിൽ പെടുന്നത്. 1987ൽ താൻ കടുവയെ വേട്ടയാടിയെന്നും അന്നുമുതൽഅതിന്റെ പല്ല് മാലയിൽ ധരിച്ചിരുന്നുവെന്നും ഗെയ്‌ക്‌വാദ് പറഞ്ഞത് വലിയ വിവാദമായി. തുടർന്ന് മഹാരാഷ്ട്ര വനം വകുപ്പ് കടുവയുടെ പല്ല് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും വന്യജീവി സംരക്ഷണ നിയമപ്രകാരം ഗെയ്‌ക്വാദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.