ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. പിർ പഞ്ചൽ പർവതനിരയുടെ ഇരുവശത്തുമായി ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിനാല് നിയമസഭാ മണ്ഡലങ്ങളിൽ 10 വർഷത്തിനിടെ ആദ്യമായി വോട്ടെടുപ്പ് നടക്കുകയാണ്. 2019-ൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രം എടുത്ത് കളഞ്ഞ്, അന്നത്തെ സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.
ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തൽ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടപ്പാക്കാനുള്ള എല്ലാ സുരക്ഷിത നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.