തൃശ്ശൂർ : തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി. ശക്തന്‍റെ തട്ടകത്തിലെ ദേശങ്ങളില്‍ മേളം മുഴങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് സ്വരാജ് റൗണ്ടിനെ വിറപ്പിക്കാനിറങ്ങിയത്..അരമണി കുലുക്കി, അസുരതാളത്തോടെ പുലികൾ നിരത്തിൽ ചുവടുവെച്ചു. അകമ്പടിയായി മേളക്കാരുമുണ്ടായിരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂർ ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ടായിരുന്നുവെന്നതാണ്. കൂട്ടത്തിൽ കുഞ്ഞിപ്പുലികളും പെൺപുലികളും ധാരാളമുണ്ടായി. പൂരം കഴിഞ്ഞാൽ തൃശ്ശൂരുകാർ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഒന്നാണ് പുലികളി. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടന്നു. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുത്തത്. പുലിവരകൾ പുലർച്ചെ 6 മണിയോടെ ആരംഭിച്ചു.പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തിയപ്പോൾ തൃശൂരിനത് മറ്റൊരു പൂരമായി മാറി.