തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം നടപ്പാക്കാനൊരുങ്ങി കെഎസ് ഇബി . ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറും. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും.
1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ കെഎസ്ഇബി പരിഗണിക്കുന്നത്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം.
പ്രതിമാസ ബിൽ അമിത കുടിശിക ഒഴിവാക്കാനും ബാധ്യതം കുറക്കാനും കെഎസ് ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ വൈദ്യുതി ചാർജ് ഇനത്തിൽ 3400 കോടി രൂപയാണ് സര്‍ക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയിട്ടുള്ളത്. പ്രതിമാസ ബിൽ ആകുമ്പോള്‍ അതാത് മാസം തന്നെ ബിൽ അടക്കാന് പല സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്നാണ് ബോർഡിൻ്റെ പ്രതീക്ഷ.