തിരുവനന്തപുരം: എം ആർ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റാൻ സര്‍ക്കാരിന് മേൽ സമ്മർദ്ദമേറുകയാണ്. സിപിഐ ഉൾപ്പെടെ ഇടത് ഘടകകക്ഷികൾ ശക്തമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം . എഡിജിപിയെ തൽസ്ഥാനത്തിരുത്തി വിജിലൻസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതിൻ്റെ അനൗചിത്യം ഡിജിപിയും ചൂണ്ടിക്കാണിച്ചുവെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഇനിയും അജിത് കുമാറിനെ മാറ്റി നിർത്താതെ മുന്നോട്ട് പോകാൻ ധാർമ്മികമായി മുഖ്യമന്ത്രിക്ക് പ്രയാസമാകും
പി വി അന്‍വറിന്‍റെ അജിത് കുമാറിനെതിരെയുള്ള ആരോപണങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം വന്നതാണ്. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറിൽ ഭൂമി വാങ്ങി,ആഢംബര വീട് നിര്‍മിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ വേറെയും.
ഇന്നലെ രാത്രിയോടെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ ഇരുത്തി അജിത് കുമാറിനെതിരെ എങ്ങിനെ വിജിലൻസ് അന്വേഷണം നടത്താൻ കഴിയും എന്നതായിരിക്കും ഇനി മുഖ്യമന്തിക്ക് നേരെ ഉയരുന്ന പ്രധാന ചോദ്യം. അതു കൊണ്ട് തന്നെ അജിത് കുമാറനെ പദവിയിൽ നിന്ന് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രിയിൽ നിന്ന് ഉടനെ ഉണ്ടായേക്കും.