കൊച്ചി ∙ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമെന്ന് കോടതി . കോടതിക്കു മുമ്പാകെയുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ് തന്റെ വിധിയിൽ പറയുന്നു.
പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്നു നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അർഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചത് എന്നു കോടതി ചൂണ്ടിക്കാട്ടി. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതുകൊണ്ടു പരാതിക്കു വിശ്വാസ്യതയില്ല എന്നും വാദിച്ചു. ഇത് അനാവശ്യമായ പരാമർശമായിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവർ നേരിടുന്ന ദുരിതത്തെയാണ്. ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഒരുപക്ഷേ അവരെ നിശബ്ദയാക്കാൻ വേണ്ടിയായിരിക്കും. എന്നാൽ അതു നിയമത്തിന് എതിരാണ്. പരാതിക്കാരിയുടെ സ്വഭാവമല്ല, പരാതിയുടെ ഗൗരവമാണു കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദിഖ് പരാതിയിൽ പറയുന്ന കുറ്റം ചെയ്തെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുൻകൂർ ജാമ്യത്തിന് അർഹനാണോ എന്നുമാത്രമാണു കോടതി പരിഗണിക്കുന്നത്.
പരാതി നൽകാൻ വൈകി എന്നതുകൊണ്ട് അതിൽ കഴമ്പില്ല എന്നു പറയാൻ കഴിയില്ലെന്ന് വിവിധ സുപ്രീം കോടതി വിധിന്യായങ്ങൾ അടക്കം ഉദ്ധരിച്ചു കോടതി പറയുന്നു. ലൈംഗികാക്രമണ കേസുകളിലെ അതിജീവിതമാർ അതുണ്ടാക്കിയ നടുക്കത്തിൽനിന്നു വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ടു വൈകി എന്ന സാഹചര്യങ്ങളും മറ്റും വിചാരണ കോടതിയിൽ പരിശോധിക്കാവുന്നതാണ്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ഈ പരാതിക്കാരി ഉൾപ്പെടെയുള്ളവർക്ക് അതിക്രമത്തെക്കുറിച്ചു തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. 2019ൽ ഈ റിപ്പോർട്ട് സമർപ്പിച്ചതാണെങ്കിലും അഞ്ച് വർഷം സർക്കാർ ഇക്കാര്യത്തിൽ തന്ത്രപരമായ നിശബ്ദത പാലിച്ചുവെന്നും
കോടതി വിധിന്യായത്തിൽ പറയുന്നു..