( Photo Courtesy: ANI)
ഹാഥറസ്: ഉത്തർപ്രദേശിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ബലി കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഡയറക്ടർ, ഡയറക്ടറുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരെ അറസ്റ്റ് ചെയ്തു.
രസ്‍ഗവാനിലെ ഡി.എൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനഷ് ബാഗൽ എന്നയാൾ ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്കൂളിന് വിജയവും പ്രതാപവും കൈവരിക്കാൻ ബാലനെ ബലി നൽകിയെന്നാണ് പറയുന്നത്. സ്കൂൾ കാമ്പസിലെ കുഴൽകിണറിന് സമീപത്തുവെച്ച് കുട്ടിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഹോസ്റ്റലിൽ നിന്ന് കുട്ടിയെ പുറത്തിറക്കി കൊണ്ടുവന്നപ്പോൾ തന്നെ കുട്ടി കരയുകയായിരുന്നു. ഇതോടെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് വിവരം.
സ്കൂളിൽ നിന്ന് ആഭിചാര ക്രിയകൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് തിങ്കളാഴ്ച മകന് സുഖമില്ലെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് വന്ന ഫോൺ കോളിൽ നിന്നാണ് വീട്ടുകാർ വിവരമറിയുന്നത്. . പിതാവ് സ്കൂളിൽ എത്തിയപ്പോൾ മകനെ സ്കൂൾ ഡയറക്ടർ സ്വന്തം കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം കിട്ടിയത്. കാറിൽ നിന്ന് ‘കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെടുത്തത്. ഒൻപതാം ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയെയാണ് ബലി കൊടുക്കാൻ ഇവർ നേരത്തെ പദ്ധതിയിട്ടിരുന്നത്. സെപ്റ്റംബർ ആറാം തീയ്യതി നടപ്പാക്കാനിരുന്ന പദ്ധതി പക്ഷേ പരാജയപ്പെട്ടു.