ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻ്റെ കാരണം ചികയാൻ വ്യാഴാഴ്ച കൂടിയ എൻസിപി യോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ അജിത് പവാറിനോട് പങ്കെടുത്ത എൻസിപി എംഎൽഎമാരിൽ ഭൂരിഭാഗവും ഉന്നയിച്ചത് ഉള്ളി പ്രശ്നം തന്നെ – തെരഞ്ഞെടുപ്പിന് മുൻപ് ഉള്ളി കയറ്റുമതി നിരോധനം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതാണ് തങ്ങളുടെ പാർട്ടിയെ പരാജയത്തിൻ്റെ പടുകുഴിയിൽ ഇട്ടതെന്നാണ് അർത്ഥശങ്കക്കിടയില്ലാതെ ഭൂരിഭാഗം എൻസിപി എം എൽ എ മാരും പറയുന്നത്.
മത്സരിച്ച 10 സീറ്റിൽ എട്ട് സീറ്റുകളിലും തൻ്റെ പാർട്ടിയെ നയിച്ചുകൊണ്ട് ശരദ് പവാർ കരുത്ത് കാട്ടിയപ്പോൾ, പാർട്ടിയെ വിഭജിച്ച് കടന്നുപോയ അനന്തരവൻ്റെ സ്ഥിതി ദയനീയമായിരുന്നു – അജിത്തിൻ്റെ എൻസിപി നാലിടത്ത് മത്സരിച്ചപ്പോൾ റായ്ഗഡിൽ മാത്രം വിജയം കണ്ടു. ശരദ് പവാറിൻ്റെ മകളും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ അജിത്ത്, ഭാര്യ സുനേത്രയെ തന്നെ രംഗത്തിറക്കി നോക്കിയെങ്കിലും ബാരാമതിയിലെ വോട്ടർമാർ കൈയ്യൊഴിഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ഉള്ളി കയറ്റുമതി നിരോധനം നീക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടത് ഡിൻഡോരി, ധൂലെ, സിന്നാർ, അഹമ്മദ്‌നഗർ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയൊരു വിഭാഗം വോട്ടർമാരുള്ള ഉള്ളി കർഷകർക്ക് തെറ്റായ സന്ദേശമാണ് നൽകിയതെന്ന് യോഗത്തിൽ പങ്കെടുത്ത ചില എംഎൽഎമാർ പറഞ്ഞു.
എൻസിപി എംഎൽഎമാരിൽ പലരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് എന്ന് ഞങ്ങൾ അജിത് ദാദയോട് പറഞ്ഞു. അവർക്ക് കൃത്യമായ ഉത്തരം നൽകുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു,” എൻസിപിയുടെ സിന്നാർ എംഎൽഎ മണിക്‌റാവു കൊക്കാട്ടെ പറഞ്ഞു.
കേന്ദ്രമന്ത്രി ഭാരതി പവാറിന്
ദിൻഡോരി സീറ്റ് എൻസിപി (എസ്‌പി)യുടെ ഭാസ്‌കർ ഭഗാരെക്ക് അടിയറ വെയ്ക്കേണ്ടി വന്നതും ഉള്ളി കർഷകർക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷം കാരണമത്രെ! ദിൻഡോരി മണ്ഡലം ഇന്ത്യയുടെ ഉള്ളി പാത്രമായി അറിയപ്പെടുന്ന സ്ഥലമാണ്.
നാസിക്, ദിൻഡോരി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് പ്രവണതയാണ് സംസ്ഥാനത്തെ അധികാരത്തിൻ്റെ ഇടനാഴികളിൽ പരാജയത്തിൻ്റെ അലാറം മണി മുഴക്കിയത്. ഈ രണ്ട് മണ്ഡലങ്ങളിലും മഹായുതി സ്ഥാനാർത്ഥികൾ അതത് അസംബ്ലി മണ്ഡലങ്ങളിൽ എംവിഎ സ്ഥാനാർത്ഥികൾക്ക് പിന്നിലായിരുന്നു. ഉള്ളി കയറ്റുമതി നിരോധന പ്രശ്‌നത്തിന് പുറമെ, സംസ്ഥാനത്തെ പരുത്തി, സോയാബീൻ കർഷകർക്കിടയിൽ വർദ്ധിച്ചുവരുന്ന ദുരിതം പാർട്ടി എംഎൽഎമാർ ചൂണ്ടിക്കാട്ടി. വിളവിന് കുറഞ്ഞ വില മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. അത് അവരെ സാമ്പത്തികമായി തളർത്തുന്നു.
നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി പ്രതിനിധി സംഘം അദ്ദേഹത്തെയും മറ്റ് കേന്ദ്രമന്ത്രിമാരെയും കണ്ട് കർഷകരുടെ പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭ്യർത്ഥിക്കാൻ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതം കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ സജീവമായ പങ്ക് വഹിക്കണമെന്ന് എൻസിപി എംഎൽഎമാർ പറയുന്നു. ഉള്ളി കയറ്റുമതി നിരോധനം പിൻവലിക്കാനും മഹാരാഷ്ട്രയിലെ കർഷകരെ അലട്ടുന്ന മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാനും എൻസിപി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും കൊക്കട്ടെ കൂട്ടിച്ചേർത്തു.