കോട്ടയം : പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി.
ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ കാളുകള്‍ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കയറി ചോര്‍ത്തുകയോ ചോര്‍ത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങള്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയാണ് എഫ്ഐആറിലുള്ളത്. നിയമത്തിന് വിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്ഐആറിലുണ്ട്.
ഇതിലൂടെ പൊതുജനങ്ങള്‍ക്കിടയിൽ പകയും ഭീതിയും ഉണ്ടാക്കുന്നതിന് വേണ്ടിയും മനപൂര്‍വ്വം പ്രകോപനപരമായി കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ദൃശ്യ മാധ്യമങ്ങളിലൂടെ ചോര്‍ത്തിയ ഫോണ്‍ കോളുകള്‍ പുറത്തവിടുകയായിരുന്നുവെന്നുമാണ് പരാതി. സൈബര്‍ കുറ്റകൃത്യത്തിന്‍റെ പരിധിയിലാണ് കേസ് വരുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.