ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് എം പി സ്ഥാനം രാജിവെക്കും. വയനാട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും എന്നാണറിയുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന യുപിയിലെ റായ്ബറേലി രാഹുൽ നിലനിർത്തും.
രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ജയിച്ച ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം എന്നതാണ് നിയമം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം രാഹുൽ ഗാന്ധി വയനാട് മണ്ഡലം രാജിവെക്കും.
ഇൻഡ്യ സഖ്യം യുപിയിൽ മികച്ച വിജയം തേടിയതോടെ, സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിപ്പിക്കാനാ യിരിക്കും രാഹുൽഗാന്ധിയുടെ ഇനിയുള്ള ശ്രമം. ഇതിന്റെ ഭാഗമായാണ് രാഹുൽ റായ്ബറേലി നിലനിർത്തുന്നത്. രാഹുൽ ഗാന്ധി രാജിവെച്ചാൽ ആറ് മാസത്തിനുള്ളിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.