മലപ്പുറം : എഡിജിപി അജിത്കുമാറിനെക്കുറിച്ചുള്ള ഗുരുതരമായ ആരോപണം തുറന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ കള്ളനായി ചിത്രീകരിക്കാൻ ശ്രമിച്ചു. സഹിക്കാനാവുന്നതായിരുന്നില്ല അത്. യഥാർത്ഥ കളളൻ അപ്പോഴും തൽസ്ഥാനത്ത് തുടരുന്നു. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് അങ്ങനെയാണ്. പിതാവിനോടെന്നതു പോലെയാണ് പിണറായിയോട് സംസാരിച്ചത് – ശരിയും നിലപാടും ജനങ്ങളോട് വ്യക്തമാക്കാൻ വിളിച്ചു ചേർത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിവി അൻവർ. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.
സ്വന്തം തട്ടകമായ നിലമ്പൂരിൽ അൻവർ വിളിച്ചു ചേർത്ത ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം വൻജനാവലിയെ സാക്ഷിയാക്കിയാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും വ്യക്തമാക്കി. മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്നം. ഞാൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്നം. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം എന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് അദാലത്തുകളിൽ എണീറ്റ് നിൽക്കാൻ പോലും കഴിയാത്തവരുടെ ദയനീയാവസ്ഥ കണ്ടപ്പോഴാണ്. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. അക്കാര്യങ്ങളിലെങ്കിലും വിവിധ വിഭാഗങ്ങൾ ഒന്നിച്ച് ചിന്തിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. ചറുപ്പക്കാർ ഇവിടെ നടക്കുന്ന പല രാഷ്ട്രീയ വിഷയങ്ങളും അറിയുന്നില്ല. കേരളം സ്ഫോടകാസ്പദമായ അവസ്ഥയിലാണ്.
പോലീസിലെ 25 ശതമാനം ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം. താൻ പാർട്ടിക്കായി ശത്രുക്കളെ ഉണ്ടാക്കി. പാർട്ടിയെ ഞാനൊരിക്കലും തള്ളിപ്പറയില്ല. സാധാരണ സഖാക്കളുടെതാണ് പാർട്ടി, തള്ളിപ്പറയില്ല. അജിത് കുമാറിൻ്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ല.
വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലമായ ചന്തക്കുന്ന് മൈതാനത്തേക്ക് എത്തിയത്. വൈകിട്ട് നാല് മണിയോടടുപ്പിച്ച് തന്നെ സ്ത്രീകളടക്കമുള്ളവർ യോഗ സ്ഥലത്ത് എത്തി തുടങ്ങിയിരുന്നു. വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം മരുത മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഇ.എ.സുകുവിൻ്റേതായിരുന്നു രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സ്വാഗതം പ്രസംഗം. നിലമ്പൂരിൽ അൻവർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ സുകു, നിലമ്പൂരിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സിപിഎം ഭരണം നേടിയതിൽ അൻവർ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും എടുത്തു പറഞ്ഞു. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ച് പാർട്ടിക്കാർക്ക് പരാതി ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ാൽക്കീഴിെെ മണ്ണ് ഒലിച്ചുപോവുകയാണെന്നും സുകു ഓർമ്മിപ്പിച്ചു. തിങ്കളാഴ്ച കോഴിക്കോട് മാമി തിരോധാനത്തെ തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിൽ താൻ സംസാരിക്കുന്നുണ്ടെന്നും അത് സംബന്ധിച്ച വിഷയങ്ങൾ അപ്പോൾ പറയാമെന്നും അൻവർ കൂട്ടിച്ചേർത്തു.