ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ മുഖത്തേറ്റ അടിയാണെന്ന് സാമ്പത്തികശാസ്ത്രജ്ഞനും മുൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. മോദിക്കും ബി.ജെ.പിക്കുമേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലം. മോദി ചെയ്യുന്നത് ഇഷ്ടമല്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഇത് മോദിക്കുള്ള സന്ദേശമാണെന്നും പ്രഭാകർ പറഞ്ഞു. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മോദി സർക്കാർ വിശ്വാസവോട്ടെടുപ്പിനെ അതിജീവിക്കുമോയെന്നതിലും തനിക്ക് സംശയമുണ്ട്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രിയെ മാറ്റുമെന്നാണ് തനിക്ക് തോന്നുന്നത്. സ്വന്തം പാർട്ടിക്കുള്ളിലെ സമ്മർദമോ ആർ.എസ്.എസിന്റെ തീരുമാനപ്രകാരമോ പ്രധാനമന്ത്രിയെ മാറ്റാം. നിതീഷ് കുമാറോ ചന്ദ്രബാബു നായിഡുവോ മുന്നണി വിടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തിൽ തന്റെ ശൈലിയിൽ മാറ്റം വരുത്താൻ മോദിക്ക് സാധിക്കില്ല. രാഷ്ട്രീയ പ്രവർത്തനരീതി, സ്വഭാവം, വ്യക്തിത്വം എന്നിവയിൽ സമഗ്രമായ മാറ്റം വരുത്താൻ മോദിക്ക് ഒരിക്കലും കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പരകാല പ്രഭാകർ പറഞ്ഞു.
കഴിഞ്ഞ തവണ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് ഇത്തവണ ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 240 സീറ്റുകളിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റേയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടേയും പിന്തുണയില്ലാതെ മോദിക്ക് ഭരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.