ന്യൂഡൽഹി : ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ട് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം കോൺഗ്രസിന് ഹരിയാനയുടെ അധികാരം പ്രവചിക്കുന്നു. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത് എന്നീ സർവ്വേകളെല്ലാം കോൺഗ്രസിന് അനുകൂലമാണ്. ജാട്ട്, സിഖ് മേഖലകളിലടക്കം കടന്നുകയറി 55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം.
ബിജെപി തകർന്നടിയുമെന്നാണ് എക്സിറ്റ് പോളുകൾ ചൂണ്ടിക്കാട്ടുന്നത്. 18 മുതൽ 24 സീറ്റുകൾ വരെ ബി ജെ പി നേടിയാക്കാം എന്നാണ് പ്രവചനം. എഎപിയുടെ കാര്യവും തഥൈവ. ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേഫലം. ജെജപി, ഐഎന്‍എല്‍ഡി തുടങ്ങിയ ചെറുപാർട്ടികൾക്ക് കനത്ത നഷ്ടമുണ്ടാകും. കര്‍ഷക പ്രക്ഷോഭം നടന്ന മേഖലകളിലെല്ലാം കോണ്‍ഗ്രസിൻ്റെ ജൈത്രയാത്രയാണ് എക്സിറ്റ് പോളുകളകൾ പ്രവചിക്കുന്നത്. വിനേഷ് ഫോഗട്ടിൻ്റെ വരവും പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നു.
ഇന്ത്യ ടുഡെ സി വോട്ടർ
ഹരിയാനയിൽ കോൺഗ്രസിന് 50-58സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 20-28 സീറ്റുകൾ. മറ്റുള്ളവർ 10-16 സീറ്റുകൾ വരെയും നേടുമെന്നാണ് പ്രവചനം.
ന്യൂസ് 18 എക്സിറ്റ് പോൾ
കോൺഗ്രസ് 62 സീറ്റുകൾ, ബിജെപി 24, ജെജെപി 3 സീറ്റുകളിലും വിജയിക്കുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ.
ദൈനിക് ഭാസ്കർ
കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ. ബിജെപിക്ക് 15 മുതൽ 29വരെ സീറ്റുകൾ, ജെജെപിക്ക് 1 സീറ്റും ഐഎൻഎൽഡി 2 സീറ്റും ലഭിക്കും.
റിപ്പബ്ലിക് ഭാരത്
കോൺഗ്രസിന് 55 മുതൽ 62 സീറ്റുകൾ. ബിജെപി 18 മുതൽ 24 സീറ്റുവരെയും ജെജെപി 3 സീറ്റും ഐഎൻഎൽഡി 3 മുതൽ 6 വരെ സീറ്റുകളും പ്രവചിക്കുന്നു.