ജമ്മുകശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.
കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി ചുരുങ്ങിയ സീറ്റുകളിലേക്ക് ഒതുക്കപ്പെടും. നാഷണല്‍ കോണ്‍ഫറന്‍സ്- കോൺഗ്രസ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ ചില സര്‍വ്വേകള്‍ ‘ഈസി വാക്കോവർ ‘ പ്രവചിക്കുന്നില്ല. ‘തൂക്കുസഭക്കുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. ജമ്മുമേഖലയില്‍ സീറ്റുകളുയര്‍ത്താന്‍ ബിജെപിക്കാകും.പക്ഷേ പുനസംഘടനക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന കശ്മീരില്‍ തിരിച്ചടി നേരിടുമെന്നാണ് സർവ്വേകൾ നൽകുന്ന സൂചന.
ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ട് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം കോൺഗ്രസിന് ഹരിയാനയുടെ അധികാരം പ്രവചിക്കുന്നു. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത് എന്നീ സർവ്വേകളെല്ലാം കോൺഗ്രസിന് അനുകൂലമാണ്. ജാട്ട്, സിഖ് മേഖലകളിലടക്കം കടന്നുകയറി 55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം.
ബിജെപി തകർന്നടിയുമെന്നാണ് എക്സിറ്റ് പോളുകൾ ചൂണ്ടിക്കാട്ടുന്നത്. 18 മുതൽ 24 സീറ്റുകൾ വരെ ബി ജെ പി നേടിയാക്കാം എന്നാണ് പ്രവചനം. എഎപിയുടെ കാര്യവും തഥൈവ. ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേഫലം. ജെജപി, ഐഎന്‍എല്‍ഡി തുടങ്ങിയ ചെറുപാർട്ടികൾക്ക് കനത്ത നഷ്ടമുണ്ടാകും. കര്‍ഷക പ്രക്ഷോഭം നടന്ന മേഖലകളിലെല്ലാം കോണ്‍ഗ്രസിൻ്റെ ജൈത്രയാത്രയാണ് എക്സിറ്റ് പോളുകളകൾ പ്രവചിക്കുന്നത്. വിനേഷ് ഫോഗട്ടിൻ്റെ വരവും പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നു.