കോഴിക്കോട് : എം. ടി. വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. എം. ടിയുടെ വീട്ടിലെ പാചകക്കാരിയെയും ബന്ധുവിനെയുമാണ് നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. 26 പവൻ സ്വർണാഭരണങ്ങളാണ് ഇവർ മോഷ്ടിച്ചത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി അറിയുന്നത്. തുടർന്ന് എം.ടിയുടെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. അലമാരയുടെ പൂട്ട് തകർക്കുകയോ, വീട്ടിൽ മോഷണത്തിന്റേതായ മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ഇങ്ങനെയാണ് വീട്ടുജീവനക്കാരിയെ സംശയം തോന്നിയത്.
അഞ്ചുവര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് കരുവിശേരി സ്വദേശിയായ ശാന്ത. എംടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്തായിരുന്നു മോഷണം. ബാങ്ക് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണം അലമാരയിലുള്ളത് ശാന്തയ്ക്ക് അറിവുണ്ടായിരുന്നു. തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കനായി സഹായിച്ചത് പ്രകാശനായിരുന്നു. ശാന്തയുടെ അകന്ന ബന്ധു കൂടിയാണ് പ്രകാശന്‍. ഇന്ന് രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
സാമ്പത്തിക പ്രശ്നം കാരണമാണ് മോഷണം നടത്തിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞു. വീട് കുത്തിതുറന്നായിരുന്നില്ല മോഷണം. അതുകൊണ്ട് തന്നെ കുടുംബവുമായി അടുത്ത പരിചയമുള്ളവര്‍ ആകാനാണ് സാധ്യതെയന്ന് പൊലീസിന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു. വജ്രവും മരതകവും ഉള്‍പ്പെടെ 15 ലക്ഷം രൂപയോളം വില വരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.