കൊച്ചി: പാർട്ടിസമ്മേളനം തുടങ്ങിയതോടെ എറണാകുളത്ത് സിപിഎമ്മിൽ ബ്രാഞ്ച് തലം മുതൽ രൂക്ഷമായ ഭിന്നത മറനീക്കി പുറത്തു വന്നു. ഒപ്പം കയ്യാങ്കളിയും തകൃതി. പൂണിത്തുറ സിപിഎമ്മിലെ തമ്മിലടിയിൽ ലോക്കൽ കമ്മിറ്റി അംഗമടക്കം 6 പേരാണ് അറസ്റ്റിലായത്.
ഇരുപക്ഷത്തിനുമൊപ്പം ചേരിതിഞ്ഞിരിക്കുകയാണ് പാർട്ടി നേതാക്കളും അണികളും.
കഴിഞ്ഞ ദിവസം ചേർന്ന പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് കയ്യാങ്കളിയുണ്ടായത്. ലോക്കൽ കമ്മിറ്റി അംഗമായ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് ലോക്കൽ സെക്രട്ടറി സത്യൻ്റെ പരാതി. തുടർന്ന് സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ സനീഷ്,സൂരജ്,ബൈജു തുടങ്ങി 6 പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കമ്പിവടി കൊണ്ട് അടിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കേസ്. സഹകരബാങ്ക് ക്രമക്കേടിൽ പാർട്ടി അംഗത്തിനെതിരെ നടപടിയെടുത്തതിൻ്റെ വൈരാഗ്യത്തിലോണ് ആക്രമണമെന്ന് ലോക്കൽ സെക്രട്ടറി പറയുന്നു. എന്നാൽ മറുപക്ഷത്തിനൊപ്പം നിൽക്കുന്നവരുടെ വാദം മറിച്ചാണ്. മറ്റൊരു ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ കയ്യിൽ നിന്ന് വീട് വിറ്റതിന് മുൻ സെക്രട്ടറി ബ്രോക്കർ ഫീസ് വാങ്ങിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വാദം
കടുത്ത വിഭാഗീയതയും തർക്കവുമാണ് പ്രദേശത്ത് സിപിഎമ്മിൽ നിലനിൽക്കുന്നത്. ഇരുവിഭാഗങ്ങൾക്കൊപ്പം ചേരിതിരിഞ്ഞ് ജില്ലാ,ഏരിയാ നേതാക്കൾ വരെ നിലയുറപ്പിച്ചതോടെ പ്രശ്നത്തിൻ്റെ തീവ്രതയേറി. ചെറിയൊരു ഇടവേളക്ക് എറണാകുളത്ത് സിപിഎമ്മിൽ തമ്മിലടി മുറുകുകയാണ്.
തർക്കത്തെ തുടർന്ന് പൂണിത്തുറ ലോക്കൽ കമ്മറ്റിയിൽ 10 ബ്രാഞ്ച് സമ്മേളനങ്ങളാണ് റദ്ദാക്കിയത്. ലോക്കൽ കമ്മറ്റിയിലുള്ളത് 17 ബ്രാഞ്ചുകളാണ്. അടുത്തിടെ പറവൂരിൽ പാർട്ടി അംഗം ആത്മഹത്യ ചെയ്തതിൽ ലോക്കൽ സെക്രട്ടറിക്കെതിരെ ആരോപണമുയർന്നത് Cpm നെ പ്രതിരോധത്തിലാക്കിയിരുന്നു. താഴെതട്ടിൽ നടന്ന പല സമ്മേളനങ്ങളിലും വലിയ തർക്കങ്ങളാണ് അരങ്ങേറിയത്.