തിരുവനന്തപുരം : ഒട്ടേറെ വിവാദങ്ങളും ആരോപണങ്ങളും തുടർന്ന് അന്വേഷണങ്ങളും നേരിടുന്ന എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. അന്വേഷണം നേരിടാൻ തുടങ്ങി 32-ാം ദിവസമാണ് നടപടി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല കൂടി നൽകി. അജിത് കുമാർ ഇനി ബറ്റാലിയൻ എഡിജിപിയായി തുടരും.
അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി മുഖവിലയ്ക്കെടുത്തിരുന്നില്ല.
പി.വി. അൻവർ ആരോപണമുന്നയിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിലും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്. എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു.