ഹൈദരബാദ് : ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ട്വൻ്റി20 മല്‍സരത്തില്‍ നേടിയ വിജയത്തോടെ ബംഗ്ലാദേശിനെതിരായ ട്വൻ്റി20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തിൽ 133 റൺസിൻ്റെ ഉജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ബംഗ്ലാദേശിൻ്റെ മറുപടി ബാറ്റിംഗ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു.
മലയാളി താരം സഞ്ജു സാംസൺൻ്റെ സെഞ്ച്വറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത സജ്ജു 47 പന്തിൽ 111 റൺസെടുത്താണ് പുറത്തായത്. 40 പന്തിലാണ് സജ്ജുവിൻ്റെ ബാറ്റിൽ നിന്ന് കന്നി സെഞ്ച്വറി പിറന്നത്. ഇന്നിംഗ്സിൽ 11 ഫോറും എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മറ്റൊരു താരം. 35 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും സഹിതം 75 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. സഞ്ജു സാംസണുമൊത്ത് രണ്ടാം വിക്കറ്റിൽ 173 റൺസാണ് സൂര്യ കൂട്ടിച്ചേർത്തത്. ഇരുവരും പുറത്തായതിന് ശേഷം റിയാൻ പരാഗും ഹാർദിക് പാണ്ഡ്യയും ചേർന്നായിരുന്നു ആക്രമണം.
നാലാമനായി സ്ഥാനം കയറ്റം ലഭിച്ച റിയാൻ പരാഗ് 13 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 34 റൺസെടുത്ത് പുറത്തായി. 18 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 47 റൺസാണ് ഹാർദിക് പാണ്ഡ്യയുടെ സംഭാവന. അവസാന ഓവറിൽ ഹാർദികിനെയും നിതീഷിനെയും നഷ്ടമായതാണ് ഇന്ത്യൻ സ്കോർ 300 കടക്കാതെ പോയത്.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ഇന്ത്യക്കെതിരെ വെല്ലുവിളി ഉയർത്താനായില്ല. 63 റൺസുമായി പുറത്താകാതെ നിന്ന തൗഹിദ് ഹൃദോ യാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്കോറർ. 42 റൺസെടുത്ത ലിട്ടൻ ദാസ് മികച്ച പിന്തുണ നൽകി.
ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്നും മായങ്ക് യാദവ് രണ്ടും സുന്ദറും നിതീഷും ഓരോ വിക്കറ്റും വീഴ്ത്തി.