തൃശൂര്‍: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് വേദിയിൽ. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ നടന്ന ആര്‍എസ്എസന്റെ വിജയദശമി പഥസഞ്ചലനിൽ അദ്ധ്യക്ഷ പദവിയിലായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഔസേപ്പച്ചനെന്ന വ്യക്തി എങ്ങനെ ഈ പരിപാടിയിൽ വന്നു എന്ന് ചോദിക്കുന്നവരോട് വേദിയിൽ തന്നെ മറുപടിയും നൽകി ഔസേപ്പച്ചൻ – “എന്നെ എല്ലാവരും ഇരുകയ്യും നീട്ടി കയ്യടിയോടെയാണ് സ്വീകരിച്ചത്. അത് ഈ സംഘടനയുടെ വിശാലതയാണ് കാണിക്കുന്നത്. നമ്മൾ സുങ്കുജിതമായി ചിന്തിക്കുന്നവരല്ല. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നൽകിയ പാഠങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങൾ ഇവിടെ പഠിക്കുന്നു.”
ഒട്ടും രാഷ്ട്രീയമല്ല ഞാൻ സംസാരിക്കുന്നത്. രാഷ്ട്രീയം നല്ല വാക്കാണെങ്കിലും കേരളത്തിൽ അതിനര്‍ത്ഥം വേറെയാണല്ലോ, വിജയദശമി പോലെ യോഗാ ദിനത്തിലൊക്കെ പ്രധാനമന്ത്രി മോദി യോഗ അഭ്യസിക്കുന്ന ഫോട്ടോയൊക്കെ കാണാറുണ്ട്. രാജ്യത്തിന്റെ ഇത്രയും വലിയ ചുമതല വഹിക്കുന്ന ആൾ എങ്ങനെ ഇതിന് സമയം കണ്ടെത്തുന്നു എന്നൊക്കെ ആലോചിക്കാറുണ്ട്. എങ്ങനെ ആകാതിരിക്കും അദ്ദേഹം നിങ്ങളിൽ ഒരാളായിരുന്നല്ലോ, അപ്പോൾ അദ്ദേഹം ചെറുപ്പം മുതൽ ശീലിച്ച കാര്യം അനായാസം ചെയ്യാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. നേരത്തെ ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.