ട്വന്റി20 ലോകകപ്പിൽ രണ്ടാം വിജയവുമായി ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം തുടരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽ
നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അടിമുടിയൊന്ന് വിറപ്പിച്ചു.
നെതർലന്‍ഡ്സ് ഉയര്‍ത്തിയ 104 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് 4.3 ഓവറിൽ 12 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ടു.
മുൻനിര ബാറ്റർമാരായ ക്വിന്റൻ ഡി കോക്ക് (പൂജ്യം), ക്യാപ്റ്റൻ എയ്ഡൻ മർക്റാം (പൂജ്യം), ഹെൻറിച് ക്ലാസൻ (നാല്), റീസ ഹെൻറിക്സ് (മൂന്ന്) എന്നിവർ ഒന്നൊന്നായി വന്ന വഴി പോകുന്നതാണ് ആരാധകർ കണ്ടത്.
പിന്നീട് വന്ന ട്രിസ്റ്റൻ സ്റ്റബ്സ് (37 പന്തിൽ 33), ഡേവിഡ് മില്ലർ (51 പന്തിൽ 59) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. ആറു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കിനില്‍ക്കെ 18.5 ഓവറിൽ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. ഡേവിഡ് മില്ലറാണു കളിയിലെ താരം
സ്കോർ– നെതർലൻഡ്സ്: ഒൻപതിന് 103, ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ ആറിന് 106.
പവർപ്ലേയിൽ 16 റൺസാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം ചെറിയ വിജയലക്ഷ്യത്തിലേക്ക് സൂക്ഷ്മതയോടെ ബാറ്റു വീശിയ
ട്രിസ്റ്റൻ സ്റ്റബ്സും മില്ലറും ദക്ഷിണാഫ്രിക്കയെ വലിയൊരു തോൽവിയിൽ നിന്നും കരകയറ്റുകയായിരുന്നു. സ്കോർ 77 ൽ നിൽക്കെ ബാസ് ഡെ ലീഡ് സ്റ്റബ്സിനെ പുറത്താക്കി. എന്നാൽ ക്ഷമയോടെ ബാറ്റിങ് തുടർന്ന മില്ലർ 51 പന്തിൽ 59 റൺസെടുത്തു പുറത്താകാതെ നിന്നു.
45 പന്തിൽ 40 റണ്‍സെടുത്ത
സൈബ്രാൻഡ് എയ്ഞ്ചൽ ബ്രെച്ചാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. ലോഗൻ വാന്‍ ബീക് (23), വിക്രംജിത് സിങ് (12), സ്കോട്ട് എഡ്‍വാർഡ്സ് (10) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.
ദക്ഷിണാഫ്രിക്കയ്ക്കായി ഫാസ്റ്റ് ബോളർ ഒട്നെയ്ൽ ബാർട്മാൻ നാലു വിക്കറ്റുകൾ വീഴ്ത്തി. മാർകോ ജാൻസനും ആൻറിച് നോർട്യയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ ഡി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക നാലു പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്.
ഈ മത്സരം നടന്ന
ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ ഇന്ത്യ – പാക്ക് പോരാട്ടവും നടക്കേണ്ടത്. ബാറ്റർമാരെ യാതൊരു തരത്തിലും തുണയ്ക്കാത്ത പിച്ചിനെതിരെ ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.