തിരുവനന്തപുരം: ടി.എസ് കനാലിന് കുറുകെ കായിക്കര പാലം നിർമാണത്തിന് ആറ്റിങ്ങൽ വക്കം, അഞ്ചുതെങ്ങ് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സാമൂഹ്യാഘാത പഠനം പൂർത്തീകരിച്ച് വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ നടപടി സ്വീകരിച്ചുവെന്നും അർത്ഥനാധികാരി നഷ്ടപരിഹാര തുക അനുവദിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതാണെന്നും ഒ.എസ് അംബിക എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
വിഷയത്തിൽ അടിയന്തരമായി ആറ്റിങ്ങൽ എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. കായിക്കര കടവ് പാലം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിയിൽ 44 ഭൂവുടമകളിൽ നിന്ന് 50.43 ആർസ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 44 ഭൂവുടമകളിൽ 22 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കി ഭൂമി ഏറ്റെടുത്ത് അർത്ഥനാധികാരിയായ കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയിട്ടുണ്ട്. ബാക്കിയുളള 22 ഭൂവുടമകളുടെ അവാർഡ് പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.